ദില്ലി: മുക്താർ അൻസാരിയുടെ മരണത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ. അൻസാരിയുടെ മരണം 3 അംഗ സംഘം അന്വേഷിക്കുമെന്നാണ് വിവരം. അതേസമയം, മുക്താർ അൻസാരിയുടെ മരണം സർക്കാർ സ്പോൺസേർഡ് കൊലപാതകമെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. മരണത്തെ തുടർന്ന് യുപിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
മുക്താർ അൻസാരിയുടെ മരണത്തിൽ യുപി സർക്കാറിനെതിരെ കടുത്ത വിമർശവുമായി അഖിലേഷ് യാദവ് രംഗത്തെത്തി. സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഏത് സാഹചര്യത്തിലും ജനങ്ങളുടെ ജീവൻ സംരക്ഷിക്കുകയാണ് സർക്കാറിന്റെ ഉത്തരവാദിത്വം. ഇതിന് കഴിയാത്ത സർക്കാറിന് അധികാരത്തിൽ തുടരാൻ അവകാശമില്ല. സർക്കാർ സ്വന്തം രീതിയിൽ കോടതി നടപടികൾ മറികടക്കുന്നത് നിയമവിരുദ്ധമാണ്. ഉത്തർപ്രദേശ് കടന്നുപോകുന്നത് ഏറ്റവും മോശം അവസ്ഥയിലൂടെയാണെന്നും നിയമപാലനത്തിന് യുപിയിൽ സീറോ അവറെന്നും അഖിലേഷ് യാദവ് വിമർശിച്ചു.