മുംബൈ: സീറ്റ് വിഭജനത്തിനും സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾക്കും പിന്നാലെ മഹാരാഷ്ട്രയിലെ ഭരണ-പ്രതിപക്ഷ സഖ്യങ്ങളിൽ പ്രതിസന്ധി രൂക്ഷം. തർക്കമുളള സീറ്റുകളിലടക്കം പ്രഖ്യാപിച്ച സ്ഥാനാർത്ഥികളിൽ മാറ്റമില്ലെന്ന ശിവസേന ഉദ്ദവ് വിഭാഗത്തിന്റെ പ്രഖ്യാപനമാണ് മഹാവികാസ് അഘാഡി സഖ്യത്തെ കുഴയ്ക്കുന്നത്. ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിൽ പരിഗണന കിട്ടുന്നില്ലെന്ന വിമർശനവുമായി കേന്ദ്രമന്ത്രി രാംദാസ് അത്തേവലെയും രംഗത്തെത്തി.
സീറ്റു വിഭജനവും സ്ഥാനാർത്ഥി പ്രഖ്യാപനവും പൂർത്തിയാക്കി പ്രചരണത്തിനൊരുങ്ങിയ പാർട്ടികളെ വെട്ടിലാക്കുകയാണ് സഖ്യത്തിനകത്തെ തർക്കങ്ങൾ. സംഗ്ളി, മുംബൈ നോറ്ത്ത് വെസ്റ്റ്, മുംബൈ സൗത്ത് സെൻ്ട്രൽ സീറ്റുകളിൽ കോൺഗ്രസ് അവകാശവാദം പരിഗണിക്കാതെ ഉദ്ദവ് വിഭാഗത്തിന്റെ ആദ്യ പട്ടികയെത്തിയതോടെ മഹാവികാസ് അഘാഡിയിൽ തർക്കങ്ങൾ തലപൊക്കി. തർക്കം രൂക്ഷമായതോടെ ഇന്നലെ അടിയന്തര സഖ്യയോഗം ചേർന്നു. എന്നാൽ വിട്ടുവീഴ്ച്ചക്കില്ലെന്നാണ് ശിവസേന ഉദ്ദവ് വിഭാഗം നിലപാട്. ആദ്യ ഘട്ട പട്ടികയിലെ പതിനേഴ് സ്ഥാനാർത്ഥികൾക്കു പുറമെ അഞ്ചു സ്ഥാനാറത്ഥികളെ കൂടി പ്രഖ്യാപിക്കും.
മുംബൈയിലെ അഞ്ചു സീറ്റുകളിലും ശിവസേന മത്സരിക്കും, താനെ, കല്യാൺ, നോർത്ത്, മുംബൈ, ജൽഗാവ്, പൽഘറ് സീറ്റുകളിലെ സ്ഥാനാറ്ത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും ശിവസേന ഉദ്ദവ് വിഭാഗം സഞ്ജയ് റൗത്ത് പറഞ്ഞു. രാജ് താക്കറെയെയും ഷിൻഡേയെയും ചേറ്ത്ത് മുംബൈ പിടിക്കാനിറങ്ങിയ ബിജെപിയ്ക്ക് തലവേദനയാകുന്നത് സഖ്യകക്ഷികളിലെ പ്രതിഷേധമാണ്. കേന്ദ്ര മന്ത്രിയും റിപബ്ളിക്കൻ പാറ്ട്ടി ഓഫ് ഇന്ത്യ തലവനുമായ രാംദാസ് അത്തേവലെ അതൃപ്തി പരസ്യമാക്കി. മഹായുതിയുടെ പ്രചരണ ബോർഡിൽ പോലും ഇടംപിടിക്കാത്തതിൽ നിരാശ, ഒരു സീറ്റിലെങ്കിലും പരിഗണിച്ചില്ലെങ്കിൽ മറ്റു വഴികൾ തേടുമെന്ന വെല്ലുവിളി. സീറ്റു വിഭജനത്തിൽ പ്രാദേശികകക്ഷികളായ രാഷ്ട്രീയ സമാജ് പാർട്ടിയേയും രാജ് താക്കറെയുടെ എംഎൻസിനെയും പരിഗണിച്ചതാണ് അത്തേവലെയെ ചൊടിപ്പിച്ചത്. മത്സരിക്കാൻ താൽപര്യമറിയിച്ച ഷിർദിയിൽ ശിവസേന ഷിൻഡേ സ്ഥാനാറ്ത്ഥിയെയും പ്രഖ്യാപിച്ചു.