ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് പിന്തുണ അറിയിക്കാൻ വാട്സ് ആപ് കാമ്പയിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി. ‘കെജ്‍രിവാൾ കൊ ആശിർവാദ്’ (കെജ്‍രിവാളിന് ആശംസകൾ) എന്ന പേരിലാണ് പ്രചാരണം. ഇ.ഡി കസ്റ്റഡിയിലുള്ള കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഏപ്രിൽ ഒന്നു വരെ നീട്ടി കോടതി ഇന്നലെ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കാമ്പയിൻ പ്രഖ്യാപിച്ചിരിക്കുന്നത്.
അരവിന്ദ് കെജ്‍രിവാൾ ജീവിതത്തിലുടനീളം അഴിമതിക്കെതിരായാണ് പോരാടിയതെന്ന് പ്രചാരണത്തിന് തുടക്കമിട്ട് സുനിത കെജ്‍രിവാൾ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ‘രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞതും സ്വേച്ഛാധിപതികളുമായ ശക്തികളെയാണ് അരവിന്ദ് കെജ്‍രിവാൾ വെല്ലുവിളിച്ചിരിക്കുന്നത്. ശരിയായ രാജ്യസ്നേഹിയാണ് അദ്ദേഹം. ഞാൻ 30 വർഷമായി കെജ്രിവാളിനൊപ്പമുണ്ട്. അദ്ദേഹം അഴിമതിക്കെതിരെ സ്വീകരിച്ച നിലപാടുകൾ എനിക്കറിയാം. അദ്ദേഹത്തിന്റെ പോരാട്ടത്തിന് ജനങ്ങളുടെ പിന്തുണയുണ്ടാകണം. അതിനൊരു കാമ്പയിന് തുടക്കം കുറിക്കുകയാണ്. നിങ്ങൾ ഏത് പാർട്ടിയിൽപ്പെട്ടവരുമാകട്ടെ. 8297324624 നമ്പറിലൂടെ നിങ്ങളുടെ അനുഗ്രഹങ്ങളും പ്രാർഥനകളും വാട്സ് ആപ് സന്ദേശമായി അയക്കാം’ –സുനിത കെജ്‍രിവാൾ പറഞ്ഞു. ഈ സ്വേച്ഛാധിപത്യം നിലനിൽക്കില്ലെന്നും ജനങ്ങൾ മറുപടി നൽകുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ മാർച്ച് 21നാണ് അരവിന്ദ് കെജ്‍രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്.