കൊല്ലങ്കോട്: അയൽവാസിയെ ആക്രമിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. തടനറ (താമണി ചാമുണ്ണി മകൻ സിബി എന്ന് വിളിക്കുന്ന കൃഷ്ണൻകുട്ടി (42) യെയാണ് കൊല്ലങ്കോട് പൊലീസ് ഇൻസ്പെക്ടർ അമൃത് രംഗന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അതിസാഹസികമായി പിടികൂടിയത്. കഴിഞ്ഞയാഴ്ചയാണ് അയൽവാസിയായ സുധയെ (34) സംഘം ചേർന്ന് വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തി പരിക്കേൽപിച്ചത്. കുറ്റകരമായ നരഹത്യ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി കൊല്ലങ്കോട് പൊലീസ് രജിസ്റ്റർ കേസിലെ അഞ്ച് പേരിൽ ഒന്നാം പ്രതിയാണ് സിബി.
ഹൈകോടതിയും പാലക്കാട് ജില്ല കോടതിയും ജാമ്യം നിഷേധിച്ചതിനെ തുടർന്ന് വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് കോമ്പിങ് ഓപറേഷന്റെ ഭാഗമായി കണ്ടെത്തുകയായിരുന്നു. ഇൻസ്പെക്ടറും സംഘവും വീട്ടിലെത്തി വീട് വളഞ്ഞുപിടികൂടുകയായിരുന്നു. മുൻ കഞ്ചാവ് കേസിൽ പ്രതിയായ കൃഷ്ണൻകുട്ടിയുടെ വീട്ടിൽ എട്ടിലധികം നായകളെ വളർത്തുകയും പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ നായ്ക്കളെ അഴിച്ചു വിടുകയും ചെയ്ത സാഹചര്യത്തിലാണ് അതിസാഹസികമായി പ്രതിയെ പിടികൂടിയത്. കൊല്ലങ്കോട് പൊലീസ് സ്റ്റേഷൻ സീനിയർ സി.പി.ഒമാരായ അനീഷ്, ഗുരുവായൂരപ്പൻ, സുജിത്, ശശി കുമാരൻ, സി.പി.ഒമാരായ പ്രശാന്ത്, അബ്ദുൽ ഹഖ്, ബിന്ദു, ഡ്രൈവർ സി പി ഓ രവി എന്നിവരാണ് മറ്റു ടീം അംഗങ്ങൾ ചേർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഈ കേസിൽ ഒളിവിലുള്ള അഞ്ചാം പ്രതിക്കെതിരെ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.