മേപ്പാടി: വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ച് ഡല്‍ഹി സ്വദേശിയുടെ മൊബൈല്‍ഫോണും പഴ്സും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ച് കടന്നുകളഞ്ഞ അന്തര്‍ സംസ്ഥാന മോഷ്ടാവിനെ ബെംഗളൂരുവിൽ നിന്നും മേപ്പാടി പൊലീസ് പിടികൂടി. ബെംഗളൂരു, ദേവനഹള്ളി സ്വദേശിയായ നാഗരാജ് (37) എന്നയാളെയാണ് ഒളിവില്‍ കഴിഞ്ഞുവരുന്നതിനിടെ പിടികൂടിയത്. സംഭവം നടന്ന് ഒരാഴ്ചക്കുള്ളില്‍ മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയിലേക്ക് എത്തിയത്.
ഒ.എല്‍.എക്സ് വഴി വില്‍പന നടത്തിയ മോഷ്ടിച്ച മൊബൈല്‍ ഫോണും, ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു സ്ഥലത്തും ഒരു ദിവസത്തില്‍ കൂടുതല്‍ താമസിക്കാതെ, ഒരു നഗരത്തില്‍ നിന്നും മറ്റൊരു നഗരത്തിലേക്ക് മാറി മാറി സഞ്ചരിച്ച്, വിവിധ പേരുകളില്‍ താമസിച്ച് മോഷണം പതിവാക്കിയ ആളാണ് നാഗരാജ് എന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ പഴുതടച്ചുള്ള ശാസ്ത്രീയമായ അന്വേഷണം മൂലമാണ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പിടികൂടാന്‍ സാധിച്ചത്.
മാര്‍ച്ച് 21 ന് പുലര്‍ച്ചെയാണ് മേപ്പാടി ചെമ്പ്രക്ക് അടുത്തുള്ള സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് വിനോദ സഞ്ചാരിയായ ദില്ലി സ്വദേശിയുടെ മൊബൈല്‍ ഫോണും പണവും അടങ്ങിയ പേഴ്സും മറ്റ് രേഖകളും മോഷ്ടിച്ച് നാഗരാജ് മുങ്ങിയത്. ദില്ലി സ്വദേശിയുമായി ചങ്ങാത്തം നടിച്ച് വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു മോഷണം. രക്ഷപ്പെടാന്‍ വേണ്ടി ഇരുപതാം തീയ്യതി രാത്രിയില്‍ പ്രതി മേപ്പാടി ടൗണിലെ ബൈക്ക് വാടക ഷോപ്പില്‍ നിന്നും വ്യാജ ഐഡി കാര്‍ഡ്, ലൈസന്‍സ് എന്നിവ ഉപയോഗിച്ച് സ്‌കൂട്ടര്‍ ഇയാള്‍ തരപ്പെടുത്തിയിരുന്നു.
ഈ സ്‌കൂട്ടറിലാണ് ഇയാള്‍ രക്ഷപ്പെട്ടത്. മാനന്തവാടിയിലെത്തി സ്‌കൂട്ടര്‍ ഒരിടത്ത് ഒളിപ്പിച്ചതിന് ശേഷം അവിടെ നിന്നും ബസില്‍ കോഴിക്കോട് പോവുകയും അവിടെ നിന്ന് കണ്ണൂരിലെത്തി ടാക്സിയിൽ ബെംഗളൂരുവിലേക്ക് പോയി. പിന്നീട് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയുമായിരുന്നു. അടുത്ത തട്ടിപ്പിനായി തയ്യാറെടുക്കുമ്പോഴാണ് പൊലീസ് പ്രതിയ പിടികൂടുന്നത്.