കണ്ണൂർ: കണ്ണൂരിലെ എൽ.ഡി.എഫ് സ്ഥാനാര്‍ഥി എം.വി. ജയരാജന്‍റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ വിഡിയോയാണെന്ന് ടി.വി. രാജേഷ്. വ്യാജ വിഡിയോ നിര്‍മിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനും പൊലീസിനുമാണ് എൽ.ഡി.എഫ് കണ്ണൂർ പാർലമെൻറ് കമ്മിറ്റി പരാതി നല്‍കിയത്.പള്ളിയില്‍ നമസ്‌കരിക്കാന്‍ വന്നവരെ എം.വി. ജയരാജനും സംഘവും തെരുവുഗുണ്ടുകളെ പോലെ തെറി വിളിക്കുന്നുവെന്ന അടിക്കുറിപ്പോടാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയതയും വര്‍ഗീയ ചേരിതിരിവും ഉണ്ടാക്കി കലാപം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നതെന്നും ടി.വി. രാജേഷ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ടി.വി. രാജേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
വ്യാജ വീഡിയോ തയ്യാറാക്കി ജനങ്ങൾക്കിടയിൽ വർഗീയതയും മതസ്പർദ്ധയും വെറുപ്പും സൃഷ്ടിച്ച് കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നതിനെതിരെ എൽ.ഡി.എഫ് കണ്ണൂർ പാർലമെൻറ് കമ്മിറ്റി പൊലീസിനും ഇലക്ഷൻ കമ്മീഷനും പരാതി നൽകി.
“കണ്ണൂർ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജൻ വോട്ട് ചോദിച്ച് കണ്ണൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ ചെന്നപ്പോൾ ബി.ജെ.പിയുടെ സഹായത്തോടെ മത്സരിക്കുന്ന സ്ഥാനാർഥിക്ക് മുസ്ലിം ന്യൂനപക്ഷങ്ങൾ ആയ ഞങ്ങൾ വോട്ട് ചെയ്യുകയില്ല എന്ന് പറഞ്ഞപ്പോൾ ജയരാജനും കൂടെയുള്ള ഗുണ്ടകളും പള്ളിയിൽ നിസ്കരിക്കാൻ വന്നവരെ പള്ളിയിൽ കയറിവന്ന് തെരുവു ഗുണ്ടുകളെപ്പോലെ തെറി വിളിക്കുന്നു” എന്ന അടിക്കുറിപ്പോട് കൂടിയാണ് പ്രതികൾ വിഡിയോ പ്രചരിപ്പിക്കുന്നത്.
ഇത്തരമൊരു സംഭവം ഉണ്ടാകാത്ത സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ വർഗീയതയും വർഗീയ ചേരിതിരിവും ഉണ്ടാക്കി കലാപം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് വ്യാജ വിഡിയോ പ്രചരണം നടത്തുന്നത്. കേസിനാസ്പദമായ വിഡിയോ ക്ലിപ്പ് ഇതിനോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.
ഈ വിഡിയോ പരിശോധിച്ചു ഇത് ആരാണ് വ്യാജമായി നിർമ്മിച്ചതെന്നും പ്രചരിപ്പിക്കുന്നതെന്നും കണ്ടെത്തി ഈ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെയും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെയും വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നിയമപരമായ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടുണ്ട്.