തിരുവനന്തപുരം: കേരളാ മാരിടൈം ബോർഡ് ഉദ്യോഗസ്ഥരും പൊലീസും പൂവാറിലെ ഉല്ലാസ ബോട്ടുകളിൽ മിന്നൽ പരിശോധന നടത്തി. മധ്യവേനലവധി ആരംഭിച്ചതിനെ തുടർന്ന് കുട്ടികൾ അടക്കമുള്ള സഞ്ചാരികളുടെ തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിന്‍റെ അടിസ്ഥാനത്തിൽ ഉല്ലാസ ബോട്ടുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായാണ് പരിശോധന നടത്തിയത്. പരിശോധനയിൽ വീഴ്ച കണ്ടെത്തിയ ബോട്ടുടമകൾക്കെതിരെ പിഴ ചുമത്തി. കേന്ദ്ര ഇൻലാന്‍റ വെസ്സൽസ് ആക്റ്റ് പ്രകാരമാണ് തുറമുഖ അധികൃതർ പിഴ ചുമത്തിയത്.
ഐ വി സർവ്വേയർ നന്ദകുമാർ, അസിസ്റ്റന്റ് അജിത് കുമാർ, പൂവാർ പൊലീസ് സ്റ്റേഷനിലെ സി പി ഒമാരായ വിനോദ്‌കുമാർ, ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് മാത്രമേ സർവ്വീസ് നടത്താവൂ എന്ന കർശന നിർദ്ദശം എല്ലാ ബോട്ടുടമകൾക്കും ജീവനക്കാർക്കും നൽകിയതായും തുടർന്നും കർശന പരിശോധനകൾ ഉണ്ടാകുമെന്നും വിഴിഞ്ഞം തുറമുഖ പർസർ വിനുലാൽ, പൂവാർ എസ് എച്ച് ഒ ജയകുമാർ എന്നിവർ പറഞ്ഞു.