ദില്ലി: സോമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തിയ 23 പാകിസ്ഥാൻ മത്സ്യത്തൊഴിലാളികൾ ഇന്ത്യക്ക് നന്ദി പറഞ്ഞു. ഇന്ത്യക്ക് നന്ദി പറയുകയും ഇന്ത്യ സിന്ദാബാദ് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന വീഡിയോ വൈറലായി. മാർച്ച് 29 ന് അറബിക്കടലിൽ നടന്ന ഓപ്പറേഷനിലൂടെയാണ് പാക് പൗരന്മാരെ മോചിപ്പിച്ചത്. ഇന്ത്യൻ നാവികസേനയുടെ സ്പെഷ്യലിസ്റ്റ് ടീമാണ് ഒമ്പത് സായുധ കടൽക്കൊള്ളക്കാരിൽ നിന്ന് പാക് പൗരന്മാരെ മോചിപ്പിച്ചത്.
കടൽക്കൊള്ളക്കാരിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം, മത്സ്യബന്ധന കപ്പലിലെ പാകിസ്ഥാൻ ജീവനക്കാർ അറബിക്കടലിൽ ‘ഇന്ത്യ സിന്ദാബാദ്’ മുദ്രാവാക്യം വിളിക്കുകയും നന്ദി പറയുകയും ചെയ്തു. മാർച്ച് 28 ന് വൈകുന്നേരത്തോടെയാണ് അറബിക്കടലിൽ വിന്യസിച്ച രണ്ട് ഇന്ത്യൻ നാവികസേന ടീമുകൾ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ മത്സ്യബന്ധന ബോട്ട് തിരിച്ചുപിടിച്ചത്. മേഖലയിലെ സമുദ്ര സുരക്ഷയും നാവികരുടെ സുരക്ഷയും ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേന പ്രതിജ്ഞാബദ്ധമാണ് നേവി പ്രസ്താവനയിൽ പറയുന്നു.