ദില്ലി: നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികള്‍ ദില്ലിയില്‍ നടത്തിയ മഹാറാലി ‘ഇന്ത്യാ മുന്നണി’യുടെ കരുത്ത് കാട്ടുന്ന വേദിയായിരുന്നു. കോണ്‍ഗ്രസ് അടക്കം 28 പ്രതിപക്ഷ പാർട്ടികളാണ് റാലിയില്‍ അണിനിരന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന വേളയില്‍ പ്രതീക്ഷ നിരയിലെ പ്രമുഖ നേതാക്കളെയെല്ലാം വേദിയിലെത്തിക്കാന്‍ ഇന്ത്യാ മുന്നണിക്കായി. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മോദി സർക്കാർ പ്രതിപക്ഷ പാർട്ടികളുടെ കഴുത്തുഞെരിക്കാന്‍ ശ്രമിക്കുന്നതായി നേതാക്കള്‍ ഒന്നായി ആരോപിച്ച മഹാറാലിയില്‍ അഞ്ച് നിർദേശങ്ങള്‍ എഐസിസി അംഗം പ്രിയങ്ക ഗാന്ധി മുന്നോട്ടുവെച്ചു.
1. ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്ലാവർക്കും തുല്യ അവസരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തുക.
2. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇഡിയും സിബിഐയും ആദായ നികുതി വകുപ്പും എടുത്തിരിക്കുന്ന നടപടികള്‍ ഇലക്ഷന്‍ കമ്മീഷന്‍ നിർത്തിവെപ്പിക്കുക.
3. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെയും ഉടനടി വിട്ടയക്കുക.
4. പ്രതിപക്ഷ പാർട്ടികളെ സാമ്പത്തികമായി ഞെരുക്കുന്ന നടപടി നിർത്തിവെപ്പിക്കുക.
5. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഇലക്ടറല്‍ ബോണ്ടും കള്ളപ്പണം വെളുപ്പിക്കലും തട്ടിപ്പുകളും അടക്കമുള്ള ആരോപണങ്ങള്‍ അന്വേഷിക്കുക.
മോദി സർക്കാരിനെതിരെ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മഹാറാലിയിൽ 28 പ്രതിപക്ഷ പാർട്ടികളാണ് അണിനിരന്നത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി, മറ്റ് നേതാക്കളായ ശരദ് പവാർ, ഉദ്ധവ് താക്കറേ, അഖിലേഷ് യാദവ് തുടങ്ങി പ്രധാന പ്രതിപക്ഷ നേതാക്കളെല്ലാം രാംലീല മൈതാനിയിലെത്തി. ഇവർക്കൊപ്പം കെജ്രിവാളിന്റെ ഭാര്യ സുനിതയും ഹേമന്ത് സോറന്‍റെ ഭാര്യ കല്പനയും വേദിയിൽ സന്നിഹിതരായിരുന്നു. ഒരു കാരണവുമില്ലാതെയാണ് കെജ്രിവാളിനെ ജയിലിലിട്ടിരിക്കുന്നതെന്നും നീതിവേണമെന്നും വേദിയിലെത്തിയ ഭാര്യ സുനിത ആവശ്യപ്പെട്ടു. ജയിലിൽ കഴിയുന്ന കെജ്രിവാളിൻ്റെ സന്ദേശം സുനിത വായിച്ചു.