ഭോപ്പാൽ: 9 വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ കോടതി വെറുതെ വിട്ടു. മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ പ്രത്യേക കോടതിയാണ് 21 കാരനായ അനോഖിലാലിനെ വധശിക്ഷക്ക് വിധിച്ചത്. തുടർന്ന് 11 വർഷക്കാലമായി ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. 2013-ലാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടി കൊല്ലപ്പെടുന്നത്.
ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അനോഖിലാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. രണ്ടാഴ്ചയിൽ താഴെ നീണ്ടുനിന്ന വിചാരണയിലായിരുന്നു വധശിക്ഷ വിധിച്ചത്. എന്നാൽ 2019-ൽ സുപ്രീം കോടതി ആ വിധി റദ്ദാക്കുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. 2023-ൽ, പുനർവിചാരണയ്ക്ക് ശേഷം, ഖണ്ട്വ കോടതി വീണ്ടും അനോഖിലാലിന് വധശിക്ഷ വിധിച്ചു. ഇത്തവണ മധ്യപ്രദേശ് ഹൈക്കോടതിയാണ് കേസ് പ്രത്യേക കോടതിയിലേക്ക് തിരിച്ചയച്ചത്. മൂന്നാമത്തെ വിചാരണയെ തുടർന്ന് ഈ മാസം ആദ്യം കോടതി ഇയാളെ കുറ്റവിമുക്തനാക്കുകയായിരുന്നു. 11വർഷത്തെ ജയിൽവാസത്തിന് ശേഷം മാർച്ച് 20 ന് പ്രതി മോചിതനാവവുകയായിരുന്നു.
കുറ്റകൃത്യം എത്ര ഗുരുതരമായതാണെങ്കിലും, പ്രതിയെ ശിക്ഷിക്കുന്നതിനുള്ള തെളിവുകൾ ശേഖരിക്കേണ്ടത് പ്രോസിക്യൂഷനാണ്. കോടതി എപ്പോഴും ജാഗരൂകരായിരിക്കുകയും കോടതിയുടെ കണ്ടെത്തലുകൾ കോടതിക്ക് മുമ്പാകെ ഹാജരാക്കിയ തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും വികാരങ്ങളാൽ സ്വാധീനിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കണമെന്നും കോടതി പറയുന്നു. കേസിലെ ഡിഎൻഎ ഫലത്തിന്റെ മെഡിക്കൽ വിദഗ്ദൻ്റെ ക്രോസ് വിസ്താരമാണ് പ്രതിക്ക് അനുകൂലമായത്. 2013 ജനുവരി 19നാണ് 9 വയസ്സുള്ള പെൺകുട്ടിയെ കാണാതാവുന്നത്. പിറ്റേന്ന് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ മൃതദേഹത്തിന്റെ സമീപത്ത് നിന്ന് പ്രധാനപ്പെട്ട തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. തീപ്പെട്ടി, ബിസ്‌ക്കറ്റ് പാക്കറ്റ്, 5 രൂപ നാണയം, ഇരയുടെ കൈയിൽ കറുത്ത മുടിയുടെ എട്ട് ഇഴകൾ എന്നിവയാണ് പൊലീസിന് ലഭിച്ചത്. പെൺകുട്ടിക്കൊപ്പം പ്രതിയെ കണ്ടുവെന്ന ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്. ഫെബ്രുവരി 13ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഒരാഴ്ച്ച കൊണ്ട് തന്നെ പ്രതിക്ക് ശിക്ഷയും വിധിച്ചു. വധശിക്ഷയ്ക്ക് വിധിച്ച് നാല് മാസത്തിന് ശേഷം മധ്യപ്രദേശ് ഹൈക്കോടതി ശിക്ഷ ശരിവച്ചു. എന്നാൽ, 2019 ൽ, സുപ്രീം കോടതി ശിക്ഷ റദ്ദാക്കുകയും പുതിയ വിചാരണയ്ക്ക് ഉത്തരവിടുകയും ചെയ്തു. എന്നാൽ രണ്ടാമത്തെ വിചാരണയ്ക്ക് ശേഷവും പ്രതിക്ക് വധശിക്ഷ തന്നെയാണ് വിധിച്ചത്. എന്നാൽ, പ്രോസിക്യൂഷൻ സമർപ്പിച്ച ഡിഎൻഎ റിപ്പോർട്ട് തയാറാക്കിയ വിദഗ്ദനെ പരിശോധിച്ചിട്ടില്ലെന്നും ഇത് കേസിൽ പോരായ്മയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. ഇതോടെ കേസ് മൂന്നാം തവണയും പ്രത്യേക കോടതിയിലേക്ക് തിരിച്ചയച്ചു. ഇരയുടെ ശരീരത്തിൽ നിന്ന് എടുത്ത സ്രവങ്ങളിൽ പുരുഷ ഡിഎൻഎ കണ്ടെത്തിയെങ്കിലും, ഈ സ്വാബുകളിൽ അനോഖിലാലിൻ്റെ ഡിഎൻഎ കണ്ടെത്തിയില്ലെന്ന് ഡോക്ടർ ശ്രീവാസ്തവയുടെ വാദം അംഗീകരിച്ച കോടതി പ്രതിയെ വെറുതെ വിടുകയായിരുന്നു. ഡിഎൻഎ റിപ്പോർട്ടിൽ നിരവധി പൊരുത്തക്കേടുകൾ ഉണ്ട്. റിപ്പോർട്ട് തെറ്റായി ഉണ്ടാക്കിയതാണെന്നും ശാസ്ത്രീയമായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ ഡിഎൻഎ ടെസ്റ്റ് പ്രതിയുടെ നിരപരാധിത്വം സൂചിപ്പിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട കോടതി പ്രതിയെ വെറുതെ വിടുകയായിരുന്നു.