തിരുവനന്തപുരം: കുടിശിക തീർക്കാൻ 57 കോടി അനുവദിക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ആവശ്യം തള്ളി സര്‍ക്കാര്‍. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്കായാണ് സംസ്ഥാന പൊലീസ് മേധാവി തുക ആവശ്യപ്പെട്ടത്. പൊലീസ് മേധാവിയുടെ ആവശ്യം തള്ളിയ സര്‍ക്കാര്‍ 26 കോടിയാണ് അനുവദിച്ചത്.
പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം അടിച്ചതിന് സംസ്ഥാനത്തെ പമ്പുടമകള്‍ക്ക് മാത്രം 200 കോടിയാണ് ആഭ്യന്തര വകുപ്പ് നല്‍കാനുള്ളത്. ഇതിനിടെയാണ് 26 കോടി മാത്രം ധനവകുപ്പ് അനുവദിച്ചത്. തുക ചെലവഴിക്കുന്നതില്‍ പൊലീസിനെതിരെ വിമര്‍ശനം നടത്തിയാണ് ധനവകുപ്പ് തുക അനുവദിച്ചത്. ഭരണാനുമതി ഇല്ലാതെ പണം ചെലവഴിക്കുന്നുവെന്നാണ് വിമർശനം. ഇതാണ് കുടിശികയുണ്ടാകാൻ കാരണമെന്നും ഭരണാനുമതി ഇല്ലാത്ത കുടിശികകൾ ഇനി അനുവദിക്കില്ലെന്നുമാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്.
കുടിശിക തീർക്കാനാണ് പണം ആവശ്യപ്പെട്ടതെന്നും ഇപ്പോള്‍ അനുവദിച്ച തുക അപര്യാപ്തമെന്നുമാണ് പൊലീസ് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.