മെക്സിക്കോ: അക്രമങ്ങളും കുറ്റകൃത്യങ്ങളും പതിവാകുന്നതിനിടയിൽ മെക്സിക്കോയിലെ മേയർ ഒരു ഭക്ഷണ ശാലയിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടു. ശനിയാഴ്ചയാണ് സംഭവം. മൊറേലിയയിലെ ഭക്ഷണ ശാലയിൽ വച്ചാണ് 39 കാരനായ മേയർ ഗില്ലർമോ ടോറസും 14കാരനായ മകനും ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ മകൻ രക്ഷപ്പെട്ടെങ്കിലും വെടിയേറ്റ് ഗില്ലർമോ ടോറസ് കൊല്ലപ്പെടുകയായിരുന്നു. 2022ലാണ് മൈക്കോകാൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മൊറേലിയയിലെ ചുറുമുക്കോ മുൻസിപ്പാലിറ്റിയുടെ മേയറായി ഗില്ലർമോ തെരഞ്ഞെടുക്കപ്പെട്ടത്.
ഇൻസ്റ്റിറ്റിയൂഷണൽ റെവല്യൂഷണറി പാർട്ടി അംഗമായിരുന്നു ഗില്ലെർമോ. അടുത്തിടെ പാർട്ടി വിട്ട ഗില്ലെർമോ ടോറസ് ഭരണകക്ഷിയായ മൊറേനയോട് പരസ്യമായി അനുഭാവം പ്രകടിപ്പിച്ചിരുന്നു. ജൂൺ 2 ന് പ്രഖ്യാപിച്ചിരിക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മെക്സിക്കോയിൽ കൊല ചെയ്യപ്പെടുന്ന ഏറ്റവും ഒടുവിലത്തെ രാഷ്ട്രീയക്കാരനാണ് ഗില്ലെർമോ ടോറസ്. നേരത്തെ ഫെബ്രുവരി 26 ന് രണ്ട് മേയർ സ്ഥാനാർത്ഥികൾ മെക്സിക്കോയിൽ കൊല്ലപ്പെട്ടിരുന്നു. ലോക്കൽ പൊലീസിനെ നിയന്ത്രിക്കുന്നതിനായോ മുനിസിപ്പൽ സ്ഥാപനങ്ങളിൽ നിന്ന് പണം തട്ടിയെടുക്കുന്നതോ ലക്ഷ്യമിട്ട് മയക്കുമരുന്ന് കാർട്ടലുകൾ മേയർമാരേയും മേയർ സ്ഥാനാർത്ഥികളേയും വധിക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് മെക്സിക്കോ.
ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 2006 മുതൽ 450,000-ത്തോളം ആളുകൾ മയക്കുമരുന്നുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും നിത്യസംഭവങ്ങളായ ഇവിടെ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് എട്ട് വയസുകാരിയെ കാണാതായി കൊല ചെയ്യപ്പെട്ട് കണ്ടതിന് പിന്നാലെ കേസിൽ സംശയിക്കുന്ന യുവതിയെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു.