തിരുവനന്തപുരം: കേരളത്തിലുണ്ടായ കടൽക്ഷോഭത്തിന്‍റെ കാരണങ്ങൾ സംബന്ധിച്ച ശാസ്ത്രീയ വിശദീകരണവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശാനുസരണം ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നടത്തിയ വിശദമായ പഠനത്തിൻ്റെ വിവരങ്ങൾ ആണ് പുറത്തുവിട്ടത്. 2024 മാർച്ച് 23ന് തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ, അതായത് ഇന്ത്യൻ തീരത്ത് നിന്ന് 10,000 കിലോമീറ്റർ അകലെ ഒരു ന്യൂനമർദ്ദം രൂപപ്പെട്ടു. മാർച്ച് 25 ഓടെ ഈ ന്യൂമർദ്ദം ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങുകയുണ്ടായി. ഇതിന്റെ ഫലമായി തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ (11 മീ) ഉയർന്ന തിരമാലകൾ രൂപപ്പെടുകയും ആ തിരമാലകൾ പിന്നീട് ഇന്ത്യൻ തീരത്തേക്ക് എത്തുകയും ചെയ്തു എന്നാണ് വിശദീകരണം.
കേരള തീരത്തും ലക്ഷദ്വീപിലും 2024 മാർച്ച് 31ന് രാവിലെയാണ് ഉയർന്ന തിരമാലകൾ ആദ്യമായി അനുഭവപ്പെട്ടത്. അടുത്ത രണ്ട് ദിവസത്തേക്ക്, ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ഈ പ്രവണത കാണാനും മെല്ലെ ഇവ ദുർബലമാകാനുമുളള സാധ്യതയാണ് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചതെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിലും (ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ) ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും സ്വെൽ സർജ് അലേർട്ട് (കള്ളക്കടൽ) ഏപ്രിൽ രണ്ടു വരെ തുടരാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
കേരളത്തിന്റെ തീരപ്രദേശങ്ങളിൽ മാർച്ച് 31ന് ഉച്ച മുതൽ കണ്ട കടൽ കയറുന്ന പ്രതിഭാസം കള്ളക്കടൽ (swell surge) ആണെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം സ്ഥിരീകരിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിലെ തെക്കുഭാഗത്തായി ചില പ്രത്യേക സമയങ്ങളിൽ ശക്തമായ കാറ്റിന്റെ ഫലമായി ഉയർന്ന തിരകൾ ഉണ്ടാവുകയും അവ വടക്കോട്ട് സഞ്ചരിച്ചു ഇന്ത്യയുടെ തെക്കൻ തീരങ്ങളിൽ എത്തുകയും ചെയ്യും. ഈ തിരകൾ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഉണ്ടാവാതെ പെട്ടന്ന് തന്നെ ഉണ്ടാവുകയാണ് പതിവ്. ലക്ഷണങ്ങൾ കാണിക്കാതെ തിരകൾ പെട്ടെന്ന് വരുന്നതുകൊണ്ടാണ് ഇവയെ കള്ളക്കടൽ എന്ന് വിളിക്കുന്നത്. ഈ തിരകൾ മൂലം തീരപ്രദേശങ്ങളിൽ കടൽ ഉൾവലിയുകയും കയറുകയും ചെയ്യുന്നു.