ദില്ലി: കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്‍റെ ഹര്‍ജി സുപ്രീംകോടി ഭരണഘടന ബഞ്ചിന് വിട്ടത് നേട്ടമല്ല, സംസ്ഥാനത്തിന് തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.സർക്കാർ സുപ്രീംകോടതിയിൽ വടി കൊടുത്തു അടി വാങ്ങി .കെടുകാര്യസ്ഥതയാണ് എല്ലാത്തിനും കാരണം എന്ന് കോടതി പറയുന്നു. യുഡിഎഫ് ഉയർത്തിയ വാദങ്ങൾ കോടതി ശരിവച്ചു.നവകേരള സദസ്സിൽ ഉടനീളം പ്രചരിപ്പിച്ച ഒരു വാദമുഖവും സുപ്രീംകോടതിയിൽ കേരളം ഉന്നയിച്ചില്ല.
കേന്ദ്രം തരാനുണ്ട് എന്ന് പറഞ്ഞ പണത്തെ കുറിച്ച് കേരളം കോടതിയില്‍ പറഞ്ഞില്ല.സാമ്പത്തിക പ്രതിസന്ധിക്ക് എല്ലാം കാരണം മുൻ ധനമന്ത്രി തോമസ് ഐസകാണ്. നികുതി പിരിവിലെ വീഴ്ചയും കെടുകാര്യസ്ഥതയും ആണ് എല്ലാത്തിനും കാരണം.കേസിൽ കേരളത്തിന് ഒരു നേട്ടവും ഇല്ല. ഇനി കടമെടുക്കാൻ അനുവദിച്ചാല്‍ എന്താകും കേരളത്തിന്‍റെ സ്ഥിതി.ഇന്ത്യയിൽ തന്നെ കുറഞ്ഞ പലിശക്ക് വായ്‌പ കിട്ടും എന്നിരിക്കെ ഉയർന്ന പലിശക്ക് വിദേശ വായ്‌പ എടുത്തുവെന്നും അദ്ദേഹം പറഞ്ഞു.സ്വർണ്ണം, ബാറുകൾ എന്നിവയിൽ നിന്ന് നികുതി പിരിവ് കൃത്യമായി നടക്കുന്നില്ല.കേരളത്തിലെ ജിഎസ്ടി ഉദ്യോഗസ്ഥർ വെറുതെ ഇരിക്കുന്നു.നികുതി വെട്ടിപ്പിന്‍റെ കേന്ദ്രമായി കേരളം മാറി. 54,700 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാൻ ഉണ്ട് എന്നത് പച്ചക്കള്ളം. മുഖ്യമന്ത്രിയും ധനമന്ത്രിയും തെളിയിക്കാമോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു.