ബെർലിൻ: നാസി ചിഹ്നവുമായി സാമ്യമെന്ന ആക്ഷേപത്തെ തുടർന്ന് ജർമൻ ഫുട്ബാൾ ടീമിന്റെ പുതിയ കിറ്റിലെ 44ാം നമ്പർ വാങ്ങുന്നതിൽനിന്ന് ആരാധകരെ വിലക്കി അഡിഡാസ്. രണ്ടാം ലോക മഹായുദ്ധ കാലത്ത് അഡോൾഫ് ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള ‘നാസി’ സേനയുടെ ‘എസ്.എസ്’ യൂനിറ്റിന്റെ ചിഹ്നവുമായി ഇതിന് സാമ്യമുണ്ടെന്ന വാദം മാധ്യമങ്ങൾ ഏറ്റുപിടിച്ചതോടെയാണ് നടപടി. യുദ്ധകാല ക്രൂരതയിൽ ഏറ്റവും കുപ്രസിദ്ധി നേടിയ വിഭാഗങ്ങളിലൊന്നായിരുന്നു എസ്.എസ് യൂനിറ്റ്. നാസി ചിഹ്നവുമായുള്ള സാമ്യത ആദ്യം ചൂണ്ടിക്കാട്ടിയത് ചരിത്രകാരനായ മൈക്കൽ കോനിഗ് ആയിരുന്നു.
1929ലാണ് എസ്.എസ് യൂനിറ്റ് രൂപംകെണ്ടത്. ഹിറ്റ്ലറുടെ രഹസ്യ പൊലീസ് ആയിരുന്ന ഗസ്റ്റപ്പോ ഏജന്റുമാർ മുതൽ ദശലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ട കോൺസൻട്രേഷൻ ക്യാമ്പ് ഗാർഡുമാർ വരെ എസ്.എസ് അംഗങ്ങളിൽ ഉൾപ്പെട്ടിരുന്നു.
അതേസമയം, നാസി ചിഹ്നങ്ങളുമായുള്ള സാമ്യം ഉൾപ്പെടുത്തിയത് മനഃപൂർവമാണെന്ന ആരോപണം അഡിഡാസ് വക്താവ് ഒലിവർ ബ്രൂഗൻ നിഷേധിച്ചു. വിദ്വേഷം, അക്രമം തുടങ്ങിയവയെ എതിർക്കാൻ ഒരു കമ്പനി എന്ന നിലയിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു. ജർമൻ ഫുട്ബാൾ അസോസിയേഷനും പങ്കാളികളുമാണ് ഈ നമ്പർ രൂപകൽപന ചെയ്തതെന്നും ഇതിന്റെ അനുമതിക്കായി യുവേഫക്ക് സമർപ്പിച്ചപ്പോൾ നാസി ചിഹ്നവുമായി ആരും സാമ്യം കണ്ടെത്തിയിരുന്നില്ലെന്നും അധികൃതർ അറിയിച്ചു. പുതിയ ഡിസൈനിൽ 44ാം നമ്പർ കിറ്റ് ഇറക്കുമെന്നും അധികൃതർ അറിയിച്ചു.
എവേ മത്സരങ്ങൾക്ക് പിങ്ക് നിറത്തിലുള്ള ജഴ്സി ഇറക്കിയതിനെ ചൊല്ലിയും വിവാദം ഉടലെടുത്തിരുന്നു. രാജ്യത്തിന്റെ വൈവിധ്യത്തെയാണ് നിറം പ്രതിനിധീകരിക്കുന്നതെന്ന് ഇതിനെ പിന്തുണക്കുന്നവർ പറയുമ്പോൾ ഇത് പാരമ്പര്യേതരമാണെന്നും ജർമൻ ഫുട്ബാൾ അസോസിയേഷന് പണം സ്വരൂപിക്കുന്നതിനായി അവതരിപ്പിച്ചതാണെന്നുമാണ് വിമർശകരുടെ ആരോപണം. 1950കൾ മുതൽ ജർമൻ ജഴ്സി നിർമിക്കുന്നത് അഡിഡാസ് ആണ്. ഈ വർഷം നടക്കുന്ന യൂറോ കപ്പിന് ആതിഥ്യം വഹിക്കുന്നത് ജർമനിയാണ്.