കോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിൽ അതിജീവിതക്കൊപ്പം നിന്നതിന് ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയ സീനിയർ നഴ്സിങ് ഓഫിസർ പി.ബി. അനിത ഉപവാസസമരത്തിൽ. കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിക്കാൻ ഹൈകോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും അനുവദിക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് അനിതയുടെ സമരം. ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കുന്നതുവരെ പ്രിൻസിപ്പലിന്റെ ഓഫിസിനു മുന്നിൽ ഉപവാസം തുടരുമെന്ന് അനിത പറഞ്ഞു. കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കോടതിയലക്ഷ്യത്തിന് നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു. പി.ബി അനിതയെ പ്രവേശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നഴ്സിങ് സംഘടനകളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ പ്രിൻസിപ്പലിന്റെ ഓഫിസിലേക്ക് മാർച്ച് നടത്തി.
ഐ.സി.യു പീഡനക്കേസിൽ അതിജീവിതക്കൊപ്പം നിന്നതിന് ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ അനുകൂല ഹൈകോടതി വിധിയുമായി തിങ്കളാഴ്ചയാണ് അനിത മെഡിക്കൽ കോളജിലെത്തിയത്. സീനിയര്‍ നഴ്സിങ് ഓഫിസര്‍ തസ്തികയില്‍ മാര്‍ച്ച് 31ന് റിട്ടയര്‍മെന്റിലൂടെ ഒഴിവുവന്ന സാഹചര്യത്തിൽ തന്നെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ സർക്കാറിൽ നിന്നുള്ള ഉത്തരവുപ്രകാരമുള്ള സ്ഥലംമാറ്റമായതിനാൽ സെക്രട്ടേറിയറ്റിൽ നിന്നുള്ള ഉത്തരവില്ലാതെ പ്രവേശനം നൽകാനാവില്ലെന്നാണ് സീനിയർ സൂപ്രണ്ട് അറിയിച്ചത്. ലീവ് തീർന്നെന്നും ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അനിത കരഞ്ഞിട്ടും അധികൃതർ കനിഞ്ഞില്ല.
ഇക്കഴിഞ്ഞ നവംബര്‍ 28നാണ് പി.ബി അനിതയെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയത്. തന്റെ വിശദീകരണം കേള്‍ക്കാതെയാണ് സ്ഥലം മാറ്റമെന്ന അനിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലംമാറ്റം ട്രൈബ്യൂണല്‍ രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഹരജിക്കാരുടെ വിശദീകരണം കേള്‍ക്കാനും ട്രൈബ്യൂണല്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്കി. ശേഷം അനിത ഹൈകോടതിയെ സമീപിച്ച് കോഴിക്കോട് മെഡിക്കൽ കോളജില്‍ തന്നെ ജോലി ചെയ്യാനുള്ള വിധി സമ്പാദിച്ചു. എന്നാല്‍, നഴ്സിങ് ഓഫിസര്‍ തസ്തികയില്‍ ഒഴിവില്ലെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ പക്ഷം.