ദില്ലി: ഭരണഘടന ഭേദഗതി വേണമെന്ന ബിജെപി സ്ഥാനാർത്ഥിയുടെ പരാമർശം വിവാദത്തില്‍. രാജസ്ഥാനിലെ നഗൗർ ബിജെപി സ്ഥാനാർത്ഥി ജ്യോതി മിർദയുടേതാണ് വിവാദ പരാർമർശം. വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമർശം ഉണ്ടായത്. അതേസമയം, ജ്യോതി മിർദയുടെ ഭരണഘടന ഭേദഗതി വേണമെന്ന പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനമാണുയരുന്നത്.
ഭരണഘടനാ ഭേദഗതി പരാമർശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മോദിയും ബിജെപിയും ഭരണഘടനക്ക് എതിരാണെന്ന കൃത്യമായ സന്ദേശമാണ് ഇതിലൂടെ പുറത്ത് വരുന്നതെന്ന് കോണ്‍ഗ്രസ് വിമർശിച്ചു. ഭരണഘടന ഇല്ലാതാക്കി ജനങ്ങളുടെ അവകാശങ്ങള്‍ കവരാനാണ് ബിജെപി ശ്രമമെന്നും കോൺഗ്രസ് പറയുന്നു. ഭരണഘടനയില്‍ മാറ്റം കൊണ്ടുവരണമെങ്കില്‍ പാർലമെന്‍റിലെ ഇരു സഭകളിലും ബിജെപിക്ക് ഭൂരിപക്ഷം വേണം. വലിയ തീരുമാനങ്ങള്‍ക്ക് ഭരണഘടന ഭേദഗതിയും ആവശ്യമാണ്. ഭരണഘടന ഭേദഗതി വേണമെന്ന കർണാടകയിലെ നേതാവ് അനന്ത്കുമാർ ഹെഗ്ഡയുടെ പരാമർശവും നേരത്തെ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മറ്റൊരു ബിജെപി സ്ഥാനാർത്ഥിയും വിവാദ പരാമർശം നടത്തുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ പരാമർശം വിവാദമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.