കൊച്ചി> കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് കേസന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത രേഖകൾ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ വിശദീകരണം നൽകാൻ ഇഡിക്ക് നിർദേശം നൽകി. ഹർജി വീണ്ടും പരിഗണിക്കുന്ന ഒമ്പതിനകം വിശദീകരണം നൽകണമെന്ന് നിർദേശിച്ച കോടതി, ഇഡിക്ക് ഇതുസംബന്ധിച്ച നോട്ടീസ് നൽകാനും ഉത്തരവിട്ടു.
ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ രേഖകളാണ് ഇഡി പിടിച്ചെടുത്തത്. 90 വായ്പാ ഇടപാടുകളുമായി ബന്ധപ്പെട്ട യഥാർഥ ഫയലുകളാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. ഇതിന് ഇഡി തയ്യാറാകാഞ്ഞതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ ബാബുവാണ് ഹർജി പരിഗണിക്കുന്നത്.