കാസർകോട്> നാമനിർദേശപത്രിക നൽകാൻ തനിക്ക് ആദ്യം അവസരം നൽകിയില്ലെന്നു പറഞ്ഞ് വരാണാധികാരിയുടെ ചേമ്പറിനുമുന്നിൽ രാജ്‌മോഹൻ ഉണ്ണിത്താന്റെ പരിഹാസ്യ നാടകം. സ്ഥാനാർഥിക്കോ, നാമനിർദേശം ചെയ്യുന്നവർക്കോ പത്രിക നൽകാൻ ടോക്കൺ വാങ്ങാമെന്ന് രാഷ്‌ട്രീയ പാർടികളുടെ യോഗത്തിൽ വരണാധികാരിയായ കലക്ടർ അറിയിച്ചിരുന്നു. ഇതനുസരിച്ച് എൽഡിഎഫ് സ്ഥാനാർഥിയുടെ നാമനിർദേശകൻ അസീസ് കടപ്പുറം രാവിലെ എഴരയോടെ എത്തി ടോക്കൺ വാങ്ങി. ഇത് തെരഞ്ഞെടുപ്പ് കമീഷന്റെ ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറും രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്‌മോഹൻ ഉണ്ണിത്താൻ രാവിലെ ഒമ്പതു കഴിഞ്ഞാണ് കലക്ടറേറ്റിൽ എത്തിയത്.
പ്രകടനമായാണ് സാധാരണ സ്ഥാനാർഥികൾ എത്താറ്. ഉണ്ണിത്താൻ ഒറ്റക്കാണെത്തിയത്. ആദ്യത്തെ ടോക്കൺ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ, അതു കഴിഞ്ഞെന്നും രണ്ടാമത്തേത് നൽകാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും പൊലീസ് ഉദ്യോഗസ്ഥരോടും തട്ടിക്കയറിയ ഉണ്ണിത്താൻ വലിയ ആക്രോശമാണ് നടത്തിയത്.
വിവരമറിഞ്ഞ് എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, എ കെ എം അഷറഫ് എന്നിവർ എംപിയെ നിയന്ത്രിക്കാൻ ശ്രമിച്ചുവെങ്കിലും വഴങ്ങിയില്ല. എംഎൽഎമാർ വരണാധികാരിയുമായി സംസാരിച്ചപ്പോൾ, ആദ്യ ടോക്കൺ വാങ്ങിയത് എൽഡിഎഫ് സ്ഥാനാർഥിയുടെ നാമനിർദേശകനാണെന്ന് വ്യക്തമാക്കി. ഇത് ഫോട്ടോയിലും വീഡിയോയിലും കാണുന്നുണ്ടെന്ന് അദ്ദേഹംപറഞ്ഞു. എംഎൽഎമാർ ഇത് എംപിയോട് പറഞ്ഞപ്പോൾ, കൂട്ടാക്കാതെ കലക്ടറെയും പൊലീസ് ഉദ്യോഗസ്ഥരെയും ആക്ഷേപിച്ച് ബഹളമുണ്ടാക്കി.
ചാനൽ കാമറകൾ കണ്ടതോടെ നാടകം വലിയ മട്ടിലായി. മതവിശ്വാസപ്രകാരം സമയംനോക്കിയാണ് വന്നതെന്നും ഭൗതികവാദത്തിൽ വിശ്വസിക്കുന്നവർക്ക് അതറിയില്ലെന്നും പറഞ്ഞ് വർഗീയ കാർഡിറക്കിയായി ബഹളം. കാസർകോട് മത്സരിക്കാനെത്തിയതുമുതൽ നെറ്റിയിലെ പതിവ് കുറി മായ്‌ച്ച് തരാതരം വേഷമാടുന്ന ഉണ്ണിത്താന്റെ പ്രകടനം കണ്ടുനിൽക്കാനാകാതെ ചൂളി നിൽക്കുകയായിരുന്നു എംഎൽഎമാരും യുഡിഎഫ് നേതാക്കളും.
ഉണ്ണിത്താൻ നേരത്തെ പല യുഡിഎഫ് നേതാക്കളെയും അസഭ്യംപറഞ്ഞ അനുഭവമുള്ളതുകൊണ്ട് ആരും മറുത്തൊന്നും പറഞ്ഞില്ല. ആവശ്യമെങ്കിൽ ഉപവരണാധികാരിക്ക് നാമനിർദേശപത്രിക നൽകാമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎയെ വരണാധികാരി അറിയിച്ചു. തുടർന്ന്, നാടകം നിർത്തിയ ഉണ്ണിത്താൻ ഉപവരണാധികാരിയായ ഡെപ്യൂട്ടി കലക്ടർ പി ഷാജുവിന് പത്രിക നൽകി. വരണാധികാരിയെയും അദ്ദേഹത്തിന്റെ ചേമ്പറിനു മുന്നിൽ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്‌പിയെയും പാഠം പഠിപ്പിക്കുമെന്ന് മാധ്യമ പ്രവർത്തകരോട് പറഞ്ഞാണ് ഉണ്ണിത്താൻ മടങ്ങിയത്.
വരാണാധികാരിയുടെ തീരുമാനമനസരിച്ചാണ് പത്രിക നൽകിയതെന്നും തന്റെ നാമനിർദേശകൻ ആദ്യമെത്തി ടോക്കൺ കൈപ്പറ്റിയതാണെന്നും എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്‌ണൻ പറഞ്ഞു.