ന്യൂഡൽഹി: മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ബി.ജെ.പി എം.പിയുമായ പ്രജ്ഞ സിങ് ഠാകുർ വിചാരണക്ക് ഹാജരാകാത്തതിൽ കടുത്ത അമർഷം രേഖപ്പെടുത്തി കോടതി. പ്രജ്ഞയുടെ ആരോഗ്യസ്ഥിതി നേരിട്ട് പരിശോധിക്കാൻ എൻ.ഐ.എ സംഘത്തിന് പ്രത്യേക എൻ.ഐ.എ കോടതി നിർദേശം നൽകി. മലേഗാവ് സ്‌ഫോടനക്കേസിൽ മൊഴി രേഖപ്പെടുത്താൻ പ്രജ്ഞ ഇതുവരെ കോടതിയിൽ ഹാജരായിട്ടില്ല.
പ്രഞ്ജയുടെ അഭാവം കോടതി നടപടികൾ തടസ്സപ്പെടുത്തുന്നതായും കേസിന്‍റെ വിചാരണ വൈകിപ്പിക്കുന്നതായും കോടതി വിലയിരുത്തി. മുംബൈയിൽനിന്നുള്ള എൻ.ഐ.എ സംഘം ഭോപ്പാലിലെ സംഘത്തോടൊപ്പം ചേർന്ന് അവരുടെ ആരോഗ്യനില നേരിട്ട് പോയി വിലയിരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. വിചാരണ തടസ്സപ്പെടുത്താൻ പ്രജ്ഞ കരുതിക്കൂട്ടി കോടതിയിൽനിന്നു ഒഴിഞ്ഞുമാറുന്നതായി കോടതി നിരീക്ഷിച്ചു. മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ബി.ജെ.പി എംപി കോടതിയിൽ നിന്നും അവധി നേടുന്നത്. ഏപ്രിൽ എട്ടിന് പ്രജ്ഞയുടെ ആരോഗ്യനില നേരിട്ട് പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് കോടതി എൻ.ഐ.എ സംഘത്തോട് പറഞ്ഞു.
റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും തുടർ നടപടി സ്വീകരിക്കുക. മാർച്ചിൽ പ്രജ്ഞയുടെ അഭിഭാഷകൻ അവർക്ക് സുഖമില്ലെന്ന് കാണിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം ഇളവിന് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, പ്രത്യേക ജഡ്ജി എ.കെ. ലഹോത്തി അപേക്ഷ തള്ളുകയും പ്രജ്ഞക്കെതിരെ 10,000 രൂപയുടെ ജാമ്യം ലഭിക്കാവുന്ന വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. മാർച്ച് 20നകം റിപ്പോർട്ട് സമർപ്പിക്കാൻ എൻ.ഐ.എക്കും നിർദേശം നൽകിയിരുന്നു.
2008 സെപ്റ്റംബർ 29ന് മഹാരാഷ്ട്രയിലെ മലേഗാവിലുണ്ടായ സ്ഫോടനത്തിൽ ആറു പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്ര എ.ടി.എസ് സംഘമാണ് പ്രജ്ഞയെ അറസ്റ്റ് ചെയ്തത്. കേസിൽ പ്രജ്ഞക്കു പുറമെ ആറുപേർ കൂടി യു.എ.പി.എ ചുമത്തപ്പെട്ട് വിചാരണ നേരിടുന്നുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിവരികയാണ് എൻ.ഐ.എ കോടതി. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രജ്ഞക്ക് ബി.ജെ.പി സീറ്റ് നൽകിയിട്ടില്ല. 2019ലെ തെരഞ്ഞെടുപ്പിൽ ഭോപ്പാലിൽ കോൺഗ്രസിലെ മുതിർന്ന നേതാവ് ദിഗ് വിജയ് സിങ്ങിനെതിരെ മൂന്നര ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അവർ ജയിച്ചത്.