തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ക്ലാർക്കിനെ അഞ്ച് വർഷം കഠിന തടവും 1,40,000 രൂപ പിഴയും ശിക്ഷിച്ചു. മലപ്പുറം ജില്ലയിലെ നന്നമ്പ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ യു.ഡി ക്ലാർക്കായിരുന്ന സി.കെ. മുരളിദാസിനെയാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചത്.
നന്നമ്പ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ ഫണ്ടിനു വേണ്ടിയുള്ള ബാങ്ക് അക്കൗണ്ടിൽ ഒരു ലക്ഷം രൂപ തിരിമറി നടത്തിയതിന് അഞ്ച് വകുപ്പുകളിലായി ഓരോ വർഷം വീതം ആകെ അഞ്ച് വർഷം കഠിന തടവിനും 1,40,000 രൂപ പിഴ ഒടുക്കുന്നതിനും കോഴിക്കോട് വിജിലൻസ് കോടതി ഇന്ന് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പറയുന്നു.
2005- 2008 കാലഘട്ടത്തിൽ സി.കെ. മുരളിദാസ്, വിവിധ സന്ദർഭങ്ങളിലായി മെഡിക്കൽ ഓഫീസറുടെ വ്യാജ ഒപ്പിട്ട് നാഷണൽ റൂറൽ ഹെൽത്ത് മിഷൻ്റെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ വെട്ടിപ്പു നടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ തട്ടിപ്പിൽ വിജിലൻസ് മലപ്പുറം യൂനിറ്റ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. ഈ കേസിലാണ് പ്രതിയായ സി.കെ. മുരളിദാസിനെ കോഴിക്കോട് വിജിലൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ഇന്ന് ശിക്ഷ വിധിച്ചത്.
മലപ്പുറം വിജിലൻസ് യൂനിറ്റ് ഡി.വൈ.എസ്.പി ആയിരുന്ന അബ്ദുൾ ഹമീദ്.പി രജിസ്റ്റർ ചെയ്ത്, അന്വേഷണം നടത്തി മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി യായിരുന്ന കെ.സലിം കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയായ സി.കെ. മുരളിദാസിനെ കുറ്റക്കാരനാണെന്ന് കോഴിക്കോട് വിജിലൻസ് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ അരുൺ നാഥ്.കെ ഹാജരായി.