തിരുവനന്തപുരം: ടിടിഇ വിനോദിനെ ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ജോൺബ്രിട്ടാസ് എംപി റെയിൽമന്ത്രി അശ്വിനി വൈഷ്‌ണവിന് കത്തയച്ചു. കേരളത്തിൽനിന്നുള്ള ട്രെയിനുകളിൽ അൺറിസർവ്‌ഡ് കോച്ചുകളുടെ എണ്ണം വർധിപ്പിക്കുക, ആർപിഎഫുമാരുടെ ഒഴിവുകൾ നികത്തുക, ടിടിഇമാർക്ക് മൂന്നു കോച്ചുകളുടെമാത്രം ഡ്യൂട്ടി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ നേരത്തേ ആവശ്യപ്പെട്ട കാര്യം കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത് മന്ത്രിയുടെ ശ്രദ്ധയിൽ കത്തിലൂടെ നേരത്തേതന്നെ കൊണ്ടുവന്നതാണ്. റെയിൽവേയുടെ നിരുത്തരവാദപരമായ സമീപനമാണ് വിനോദിന്റെ ജീവൻ നഷ്ടപ്പെടുത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒഴിവുകൾ നികത്തണമെന്നും കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കാനും ജീവനക്കാരുടെ ഡ്യൂട്ടി പുനക്രമീകരിക്കാനും ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.