കോഴിക്കോട് > എസ്ഡിപിഐ പിന്തുണ യുഡിഎഫിനുള്ള അംഗീകാരമായാണ് കാണുന്നതെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയും തൊട്ട് പിന്നാലെ എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന വി ഡി സതീശന്റെയും എം എം ഹസ്സന്റെയും വാക്കുകളും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് ഐഎൻഎൽ.
ഈ നേതാക്കൾ എസ്ഡിപിഐ ബന്ധം വേണ്ടാ എന്ന് പറയുമ്പോഴും മുസ്ലിം ലീഗ് നേതാക്കൾ ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. പരാജയ ഭീതി മൂലം എസ്ഡിപിഐയുമായി ഡീൽ ഉണ്ടാക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നത് ലീഗ് നേതാക്കളാണ്; പ്രത്യേകിച്ചും പി കെ കുഞ്ഞാലിക്കുട്ടി. ബിജെപിയുടെ റിക്രൂട്ടിങ് സെന്ററായി അധപതിച്ച കോൺഗ്രസിനും സമുദായ വഞ്ചകരായ മുസ്ലിം ലീഗിനും വോട്ട്ചെയ്യാൻ എസ്ഡിപിഐ തീരുമാനിച്ചത് രാഷ്ട്രീയ കാഴ്ചപ്പാടില്ലാത്തതിനാലാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.