തിരുവനന്തപുരം > വേനലവധിക്ക് ഇനി വീട് പൂട്ടി പേടിക്കാതെ യാത്ര ചെയ്യാം. 14 ദിവസം വരെ വീടുകൾക്ക് പൊലീസ് നിരീക്ഷണം ലഭ്യമാകും. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ലോക്ക്ഡ് ഹൗസ് (Locked House) സൗകര്യം വഴിയാണ് സഹായം ലഭ്യമാവുക. വീട് പൂട്ടി യാത്രപോകുന്നവർ അക്കാര്യം ആപ് വഴി പൊലീസിനെ അറിയിക്കണം. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റർ ചെയ്യണം. ഏഴു ദിവസം മുമ്പ് വരെ വിവരം പൊലീസിനെ അറിയിക്കാവുന്നതാണ്. യാത്ര പോകുന്ന ദിവസം മുതൽ വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തും.
പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവയും ആപ്പിൽ നൽകേണ്ടതുണ്ട്.