മനുഷ്യ ബന്ധങ്ങള്‍ ഏറെ സങ്കീര്‍ണ്ണമാണ്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഗോരഖ്പൂരില്‍ നിന്നുള്ള ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ മനുഷ്യബന്ധങ്ങളെ കുറിച്ചുള്ള ഒരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. കുടുംബ പ്രശ്നങ്ങള്‍ കാരണം ഒരു യുവതി ആത്മഹത്യാ ഭീഷണി മുഴക്കി ഹൈവോള്‍ട്ടേജ് ഇലക്ട്രിക് പോസ്റ്റില്‍ കയറിയതിന്‍റെ വീഡിയോയായിരുന്നു അത്. എന്‍സിഎം ഇന്ത്യ കൌണ്‍സില്‍ ഫോര്‍ മെന്‍ അഫയേഴ്സ് എന്ന എക്സ് ഉപയോക്താവ് തങ്ങളുടെ പേജിലൂടെ പങ്കുവച്ച വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. ആത്മഹത്യ ഒന്നിനും പരിഹരമല്ലെങ്കിലും ആത്മഹത്യാ ഭീഷണികള്‍ നമ്മുടെ സമൂഹത്തില്‍ ദിനംപ്രതി അരങ്ങേറുന്നു. അത്തരത്തില്‍ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്താനായിട്ടായിരുന്നു യുവതി ഇലക്ട്രിക് പോസ്റ്റില്‍ വലിഞ്ഞ് കയറിയത്.
ഗോരഖ്പൂരിലെ മൂന്ന് കുട്ടികളുടെ അമ്മയായിരുന്നു യുവതി. ഏഴ് വർഷമായി അയൽ ഗ്രാമത്തിൽ നിന്നുള്ള കാമുകനുമായുണ്ടായിരുന്ന ബന്ധം ഭര്‍ത്താവ് രാം ഗോവിന്ദ് അറിയുകയും വീട്ടില്‍ അത് സംഘർഷം സൃഷ്ടിക്കുകയും ചെയ്തു. പിന്നാലെ കാമുകനെയും വീട്ടില്‍ താമസിപ്പിക്കണമെന്നും എല്ലാവരും ഒരു കുടുംബം പോലെ പോകണമെന്നും ഭാര്യ ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവ് ഈ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യാ ഭീഷണി മുഴക്കി ഇലക്ട്രിക്ക് പോസ്റ്റില്‍ കയറിയതെന്ന് വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പ് വിശദീകരിക്കുന്നു.
34 കാരിയായ യുവതിയെ ഹൈടെന്‍ഷന്‍ വയര്‍ ഘടിപ്പിച്ച ഇലക്ട്രിക് പോസ്റ്റില്‍ നിന്നും താഴെ ഇറക്കാന്‍ കുടുംബക്കാരും നാട്ടുകാരും ആവുന്നത് പറഞ്ഞ് നോക്കി. ഒടുവില്‍ നാട്ടുകാര്‍ പോലീസിനെ വിവരമറിച്ചു. അവരെത്തി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് യുവതിയെ പോസ്റ്റില്‍ നിന്നും താഴെ ഇറക്കിയത്. ലിംഗസമത്വത്തിന് വേണ്ടി സംസാരിക്കുന്ന പുരുഷന്മാരുടെ പ്രശ്നങ്ങളെ സാമൂഹിക മാധ്യമത്തില്‍ പിന്തുണയ്ക്കുന്ന സംഘടനയാണ് എൻസിഎം ഇന്ത്യ കൗൺസിൽ ഫോർ മെൻ അഫയേഴ്സ് എന്ന് എക്സ് സാമൂഹിക മാധ്യമത്തില്‍ നല്‍കിയ വിവരം.