കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഐ.സി.യുവിൽ യുവതി പീഡിപ്പിക്കപ്പെട്ട സംഭവമുണ്ടായത് അനിത ജോലിയിലുണ്ടായിരുന്നപ്പോഴാണെന്നും വീഴ്ച വരുത്തിയ എല്ലാവർക്കുമെതിരെ നടപടി ആവശ്യമാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
ഈ വ്യക്തിക്കെതിരെയുള്ള വിഷയം സ്വാധീനിക്കാൻ ശ്രമം നടന്ന അന്ന് സൂപ്പർവൈസറി ലാപ്സ് ഉണ്ടായിട്ടുണ്ട് എന്നതാണ്. സൂപ്പർവൈസറി ലാപ്സ് ഉണ്ടായിട്ടുള്ള ആളുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ഡയറക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിട്ടുള്ളത് -വീണ ജോർജ് പറഞ്ഞു.
2023 മാര്‍ച്ച് 18-ന് തൈറോയിഡ് ശസ്ത്രക്രിയ കഴിഞ്ഞ് പാതിമയക്കത്തില്‍ ഐ.സി.യുവില്‍ കിടക്കുമ്പോള്‍ ആശുപത്രി അറ്റന്‍ഡന്‍റ് എം.എം. ശശീന്ദ്രന്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസിലാണ് സീനിയർ നഴ്‌സിങ് ഓഫീസർ പി.ബി. അനിത അതിജീവിതക്കനുകൂലമായി മൊഴി നൽകിയത്. തുടർന്ന് നവംബര്‍ 28ന് അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റി. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച അനിത അവധിയിലും പ്രവേശിച്ചിരുന്നു. പിന്നീട് ഹൈക്കോടതിയെ സമീപിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിക്കാനുള്ള ഉത്തരവ് നേടി.
അനിതക്കെതിരായ സ്ഥലംമാറ്റം റദ്ദാക്കി തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ ഹൈകോടതി ഉത്തരവുണ്ടായി അഞ്ചാം ദിനമായിട്ടും അധികൃതർ അനങ്ങിയിട്ടില്ല. ഒന്നാം തീയതി ജോലിയിൽ പ്രവേശിപ്പിക്കണമെന്ന ഹൈകോടതി ഉത്തരവുമായി എത്തിയെങ്കിലും അനിതയെ ജോലി ചെയ്യാൻ മെഡിക്കൽ കോളജ് അധികൃതർ അനുവദിച്ചിട്ടില്ല. നീതി നിഷേധത്തിനെതിരെ പ്രിൻസിപ്പൽ ഓഫിസിന് മുമ്പിൽ സമരം ചെയ്യുകയാണ് അനിത ഇപ്പോൾ.
ആരോഗ്യ മന്ത്രിയുടെ പ്രസ്താവന തള്ളി അനിത
അതിജീവിതക്ക് സംരക്ഷണം നൽകുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പി.ബി. അനിത പ്രതികരിച്ചു. ഡി.എം.ഇ റിപ്പോർട്ട് പ്രതികളെ രക്ഷിക്കാൻ വേണ്ടിയാണെന്നും അനിത പറഞ്ഞു.