ന്യൂഡൽഹി: വിവിധ വിഭാഗങ്ങൾക്കിടയിൽ സാഹോദര്യം നില നിന്നാൽ മാത്രമേ സമാധാനം ഉണ്ടാകുകയുള്ളൂ എന്ന് ഇന്ത്യയിലെ സുഡാൻ സ്ഥാനപതി ഡോ. മുആവിയ എൽ ബുഖാരി. ഡൽഹി കെ.എം.സി.സി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഇന്ത്യയിലെ ജനവിധി ജനാധിപത്യത്തെയും സാഹോദര്യത്തെയും ശക്തിപ്പെടുത്തുമെന്ന് മുആവിയ പ്രത്യാശ പ്രകടിപ്പിച്ചു.
ഡൽഹി കെ.എം.സി.സി പ്രസിഡൻറ് അഡ്വ. ഹാരിസ് ബീരാൻ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി പൗരത്വ ഭേദഗതി നിയമവും ഭരണഘടനയുടെ ഭാവിയും എന്ന പ്രമേയത്തിൽ നടന്ന പാനൽ ചർച്ചയിൽ ഡൽഹി സർവകലാശാലയിലെ പ്രഫ. സച്ചിൻ നാരായണൻ, സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് പത്മനാഭൻ, മാധ്യമ പ്രവർത്തകരായ പി. ബസന്ത്, ജോമി തോമസ്, ഹസനുൽ ബന്ന എന്നിവർ പങ്കെടുത്തു.
യൂത്ത് ലീഗ് ദേശീയ പ്രസിഡൻറ് ആസിഫ് അൻസാരി, അഡ്വ. മർസൂക് ബാഫഖി, അഡ്വ. അബ്ദുല്ല നസീഹ്, എം.എസ്.എഫ് ദേശീയ ട്രഷറർ അതീബ് ഖാൻ, ഡൽഹി സ്റ്റേറ്റ് മുസ്ലിം ലീഗ് പ്രസിഡന്റ് മൗലാന നിസാർ അഹമ്മദ്, സെക്രട്ടറി ഫൈസൽ ഷേഖ്, യൂത്ത് ലീഗ് പ്രസിഡന്റ് ശഹസാദ് അബ്ബാസി, അഫ്സൽ യൂസഫ്, ഹാരിസ് പട്ടാളം തുടങ്ങിയവർ സംബന്ധിച്ചു.
ഡൽഹിയിലെ വിവിധ മലയാളി സംഘടന ഭാരവാഹികളും മലയാളി വിദ്യാർഥികളും അടക്കം ആയിരത്തിലേറെ പേർ സംഗമത്തിനെത്തി. ഡൽഹി കെ.എം.സി.സി ജന. സെക്രട്ടറി മുഹമ്മദ് ഹലീം സ്വാഗതവും അജ്മൽ മുഫീദ് നന്ദിയും പറഞ്ഞു.