ന്യൂഡല്‍ഹി : നാനാത്വത്തില്‍ ഏകത്വം എന്ന മന്ത്രം പാലിച്ച് എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാനാണു താന്‍ ശ്രമിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍, സ്ഥാപിത താല്‍പര്യക്കാരായ ചില നേതാക്കള്‍ നാനാത്വത്തെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. വൈവിധ്യം മാനിക്കാന്‍ ബിജെപി സര്‍ക്കാര്‍ തയാറാകുന്നില്ലെന്നു മുഖ്യമന്ത്രിമാരായ എം.കെ.സ്റ്റാലിനും കെ.ചന്ദ്രശേഖര റാവുവും മമത ബാനര്‍ജിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മറ്റും ആരോപിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷ കക്ഷികള്‍ കുത്സിത തന്ത്രങ്ങളിലൂടെ രാജ്യത്തു ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ആ കെണിയില്‍ വീഴാതിരിക്കാനുള്ള പക്വത ജനത്തിനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദീര്‍ഘകാലം മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ തനിക്കു സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങളും ആവശ്യങ്ങളും മനസ്സിലാകും. രാജ്യത്തിന്റെ ഏതെങ്കിലും ഭാഗം വികസിക്കാതിരുന്നാല്‍ രാജ്യത്തിനു വികസിക്കാനാവില്ല. തിരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനത്തും ബിജെപി വിജയിക്കുമെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു.