ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന് വിളിച്ച് നടിയും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ കങ്കണാ റണാവത്ത്. ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ ആയിരുന്നു കങ്കണയുടെ പരാമർശം. ’നമുക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്രബോസ് എവിടെ പോയി’ എന്നായിരുന്നു കങ്കണയുടെ ചോദ്യം.
ഹിമാചൽ പ്രദേശിലെ മണ്ഡ്യ ലോക്സഭ മണ്ഡലത്തിൽനിന്നാണ് കങ്കണ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്നത്. നടിയെ പരിഹസിച്ച് ബി.ആര്‍.എസ് (ഭാരതീയ രാഷ്ട്ര സമിതി) നേതാവ് കെ.ടി. രാമറാവു രംഗത്തെത്തി. ’വടക്കുനിന്നുള്ള ഒരു ബി.ജെ.പി. സ്ഥാനാര്‍ഥി പറയുന്നു, സുഭാഷ് ചന്ദ്രബോസ് ആയിരുന്നു നമ്മുടെ ആദ്യ പ്രധാനമന്ത്രിയെന്ന്. തെക്കുനിന്നുള്ള മറ്റൊരു ബി.ജെ.പി നേതാവ് പറയുന്നു, മഹാത്മാ ഗാന്ധി നമ്മുടെ പ്രധാനമന്ത്രിയായിരുന്നുവെന്ന്. എവിടെ നിന്നാണാവോ ഇവരൊക്കെ ബിരുദം കരസ്ഥമാക്കിയത്’ -രാമറാവു എക്‌സില്‍ കുറിച്ചു.
കോണ്‍ഗ്രസ് നേതാവായ സുപ്രിയ ശ്രീനേതും കങ്കണയുടെ പരാമർശത്തെ പരിഹസിച്ച് രംഗത്തെത്തി. ’കങ്കണയെ അങ്ങനെ വിലകുറച്ച് കാണേണ്ടെ, ബി.ജെ.പി നേതാക്കളുടെ പട്ടികയില്‍ അവര്‍ മുന്‍നിരയിലെത്തും’ -സുപ്രിയ പറഞ്ഞു. 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന കങ്കണയുടെ പരാമർശം വലിയ പരിഹാസത്തിനിടയാക്കിയിരുന്നു. ഹിമാചലിലെ നാലു ലോക്സഭ മണ്ഡലങ്ങളിലേക്കും ജൂൺ ഒന്നിനാണ് വോട്ടെടുപ്പ് നടക്കുന്നത്.