വലിയ യന്ത്രഭാഗങ്ങൾ ഉപയോഗിച്ച് അണക്കെട്ടിന്റെ തകർന്ന ഭാഗങ്ങൾ ഉയർത്താനുള്ള ശ്രമത്തിലാണ് അധികൃതരുള്ളത്. ഇതിനിടെ വെള്ളം കുതിച്ചെത്തിയതോടെ പ്രളയക്കെടുതിയിലായ യുറാൽ പർവ്വത മേഖലയിൽ നിന്നും അടിയന്തരമായി ആളുകളെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. നേരത്തെ ഒറിൺബർഗ് മേഖലയിൽ മഞ്ഞുരുകുന്നത് മൂലം പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളപ്പൊക്ക മേഖലയിൽ നാലായിരം വീടുകളും പതിനായിരത്തോളം താമസക്കാരുമാണ് ഉള്ളത്.
ഓർസ്കിലെ അണക്കെട്ട് പൊട്ടിയ പ്രദേശത്തെ ജോലികൾ തുടരുകയാണെന്നാണ് റഷ്യൻ എമർജൻസി മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവനയിൽ വിശദമാക്കിയത്. ഓർസ്ക് മേഖലയിലെ മൂന്ന് ജില്ലകളിലെ രണ്ടിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുകയാണെന്നും റഷ്യൻ മന്ത്രാലയം വിശദമാക്കി. മോസ്കോയിൽ നിന്ന് 1800 കിലോമീറ്റർ പടിഞ്ഞാറാണ് വെള്ളപ്പൊക്കമുണ്ടായ മേഖല.
ഖസാഖ് അതിർത്തിയോട് ചേർന്നുള്ള ഈ റഷ്യൻ നഗരത്തിൽ ഏപ്രിൽ 5നാണ് മൺ നിർമ്മിതമായ അണക്കെട്ട് തകർന്നത്. സാഹചര്യങ്ങൾ അപകടകരമായ അവസ്ഥയിലാണെന്നാണ് ഒറിൺബർഗ് മേയർ വെള്ളിയാഴ്ച പ്രതികരിച്ചത്. അവസാന സന്ദേശത്തിന് കാത്ത് നിൽക്കാതെ ഉടൻ മേഖലയിൽ നിന്ന് ഒഴിയണമെന്നാണ് ഒറിൺബർഗ് മേയർ ആവശ്യപ്പെടുന്നത്. 300ഓളം വീടുകൾ ഇതിനോടകം പ്രളയജലം വിഴുങ്ങിയതായും മേയർ വിശദമാക്കി.