മസ്കറ്റ്: ഒമാനിൽ കുടിയേറ്റ നടപടിക്രമങ്ങളും തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 41 വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കൻ അൽ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടന്നത്. വിദേശികളുടെ തൊഴിൽ നിയമങ്ങളും താമസ കുടിയേറ്റ നടപടിക്രമങ്ങളും ലംഘിച്ചതിന് ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 41 പേരെയാണ് സ്പെഷ്യൽ ടാസ്ക് പോലീസ് യൂണിറ്റിൻറെ സഹകരണത്തോട് കൂടി അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പിടിയിലായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കി കഴിഞ്ഞുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.