ബാൾട്ടിമോർ: ബാൾട്ടിമോർ പാലം തകർന്ന് കാണാതായ നിർമ്മാണ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. 38കാരനായ തൊഴിലാളിയുടെ മൃതദേഹമാണ് ഇന്നലെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. കഴിഞ്ഞ മാസം 26നാണ് ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം കണ്ടെയ്നർ കപ്പലിടിച്ച് തകർന്നത്. കൊളംബോയിലേക്ക് പുറപ്പെട്ട കണ്ടെയ്നർ കപ്പൽ 2.6 കിലോമീറ്റർ നീളമുള്ള പാലത്തിലിടിച്ചാണ് പാലം തകർന്നത്.
ദാലി എന്ന ഈ കണ്ടെയ്നർ കപ്പൽ ഇടിക്കുന്ന സമയത്ത് പാലത്തിലെ അറ്റകുറ്റ പണികൾ ചെയ്തുകൊണ്ടിരുന്ന ആറ് തൊഴിലാളികളും പാലത്തിലുണ്ടായിരുന്ന കാറുകളുമെല്ലാം വെള്ളത്തിലേക്ക് പതിച്ചിരുന്നു. വാഹനങ്ങളിലുണ്ടായിരുന്നവരെ രക്ഷിക്കാനായിരുന്നെങ്കിലും തൊഴിലാളികൾ കൊല്ലപ്പെട്ടതായി അധികൃതർ നേരത്തെ വിശദമാക്കിയിരുന്നു. ആറ് പേരിൽ മൂന്ന് പേരുടെ മൃതദേഹം മാത്രമാണ് മുങ്ങൽ വിദഗ്ധർക്ക് കണ്ടെത്താനായത്.
അമേരിക്കയിലെ ബാൾട്ടിമോറിൽ 1977ൽ നിർമ്മിച്ച പാലമാണ് കപ്പൽ ഇടിച്ച് തകർന്നത്. പാലത്തിന്റെ പ്രധാന തൂണുകളിലൊന്നാണ് കപ്പൽ ഇടിച്ചത്. ഇടിക്ക് പിന്നാലെ കപ്പലിനും തീ പിടിച്ചിരുന്നു. ഗ്രേസ് ഓഷ്യൻ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള കപ്പലിലെ ജീവനക്കാരിൽ ഏറിയ പങ്കും ഇന്ത്യക്കാരാണ്. 20 ഇന്ത്യക്കാരും 1 ശ്രീലങ്കൻ സ്വദേശിയും അടങ്ങുന്നതാണ് കപ്പലിലെ ജീവനക്കാർ.