ഇംഫാൽ: ലോക്സഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ, സംഘർഷാവസ്ഥ നിലനിൽക്കുന്ന മണിപ്പൂരിൽ പ്രചാരണം തണുത്ത മട്ടിൽ. പോസ്റ്ററുകളോ മെഗാ റാലികളോ നേതാക്കളുടെ പ്രകടന പരിപാടികളോ പ്രചാരണത്തിന്റെ പരമ്പരാഗത രീതികളോ ഒന്നുംതന്നെ ഇല്ല. തെരഞ്ഞെടുപ്പിന്‍റെ ദൃശ്യമായ ഒരേയൊരു സൂചന പ്രാദേശികതലത്തിൽ തെരഞ്ഞെടുപ്പ് അധികൃതർ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ മാത്രമാണ്. പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ നിന്നും, മണിപ്പൂരിൽ പോയി വോട്ടുതേടുന്നതിൽ നിന്നും നേതാക്കളും മാറി നിൽക്കുകയാണ്.
ദേശീയതലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖരെ ബി.ജെ.പി താര പ്രചാരകരാക്കിയപ്പോൾ, കോൺഗ്രസ് സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയുമാണ് താര പ്രചാരകരാക്കിയിരിക്കുന്നത്. എന്നാൽ ഇവരൊന്നും മണിപ്പൂരിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. മണിപ്പൂരിലെ തെരഞ്ഞെടുപ്പ് കമീഷൻ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക നിയന്ത്രണങ്ങളൊന്നും ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു.
പാർട്ടി നേതാക്കൾ അവരുടെ വസതികളിൽ ചെറിയ യോഗങ്ങൾ ചേരുകയും, സ്ഥാനാർഥികൾ വീടുകൾതോറും കയറി വോട്ടു ചോദിക്കുകയുമാണ് ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ വോട്ടർമാർക്ക് അവരുടെ വോട്ടിന്റെ പ്രാധാന്യം അറിയാമെന്ന് ബി.ജെ.പി സ്ഥാനാർഥി മഹേശ്വര് തൗണോജം പറയുന്നു.
സംസ്ഥാനത്തെ ക്രമസമാധാന നിലയെ ബാധിക്കുമോയെന്ന ആശങ്കയാണ് പ്രചാരണത്തിന്‍റെ ചൂട് കുറച്ചിരിക്കുന്നത്.
ഏപ്രിൽ 19, 26 തീയതികളിലായി രണ്ട് ഘട്ടങ്ങമായാണ് മണിപ്പൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.