തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. 2019ന് ശേഷം സംസ്ഥാനത്തെ റെക്കോർഡ് ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഔദ്യോഗികമായി സംസ്ഥാനത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് പാലക്കാട് ആണ് രേഖപെടുത്തിയത്. 41.5 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. തുടർച്ചയായി മൂന്നാം ദിവസമാണ് പാലക്കാട് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തുന്നത്.
2019 ന് ശേഷം ആദ്യമായാണ് ഔദ്യോഗികമായി സംസ്ഥാനത്ത് 41 ഡിഗ്രി സെൽഷ്യന് മുകളിൽ താപനില രേഖപ്പെടുത്തുന്നത്. 2019ൽ 41.1 ഡിഗ്രി സെൽഷ്യസും സമീപ കാലത്തെ ഏറ്റവും ഉയർന്ന ചൂട് 41.9 ഡിഗ്രി സെൽഷ്യസ് 2016 ലും രേഖപ്പെടുത്തിയിരുന്നു. കാലാവസ്ഥ വകുപ്പിന്റെ തന്നെ പാലക്കാട് ജില്ലയിലെ മുഴുവൻ ഓട്ടോമാറ്റിക് സ്റ്റേഷനുകളിലും 40 ഡിഗ്രി സെൽഷ്യസ് മുതൽ 44.ഡിഗ്രി സെൽഷ്യസ് വരെയും കാസറഗോഡ്, കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊല്ലം ജില്ലകളിലെ ചില സ്റ്റേഷനികളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിലും രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം(6/4/2024) പുനലൂർ ( 39.6), കോഴിക്കോട്, കണ്ണൂർ എയർപോർട്ട്( 37.6), വെള്ളാനിക്കര (38.5, കോട്ടയം (37.5) എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്. അതേസമയം സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് 12 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 10 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ്കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 6 മുതൽ ഏപ്രിൽ 10 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.