തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇടവിട്ട് മഴ പെയ്തിട്ടും കേരളത്തിൽ ചൂട് കനത്തു വരികയാണ്. കൊല്ലം, പാലക്കാട് എന്നീ രണ്ട് ജില്ലകളിലാണ് ഇന്ന് താപനില മുന്നറിയിപ്പുള്ളത്. പാലക്കാട് 41 ഡിഗ്രിക്ക് മുകളിലും കൊല്ലത്ത് 40 ഡിഗ്രിയുമാണ് താപനില രേഖപ്പെടുത്തിയിട്ടുള്ളത്. തൃശൂരിൽ 39 ഡിഗ്രിയും, പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ 38 ഡിഗ്രിയുമാണ് ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം, മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അതിനാൽ ജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.