കൊൽക്കത്ത: ബി.ജെ.പിയിൽ ചേരാൻ തൃണമൂൽ കോൺഗ്രസ് നേതാക്കളോട് കേന്ദ്ര അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുകയാണെന്ന് തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ഇ.ഡി, സി.ബി.ഐ, എൻ.ഐ.എ, ഐ.ടി തുടങ്ങി എല്ലാ ഏജൻസികളും ബി.ജെ.പിയുടെ ആയുധങ്ങളായാണ് പ്രവർത്തിക്കുന്നതെന്നും മമത ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
തൃണമൂൽ എം.എൽ.എമാർക്ക് ബി.ജെ.പിയിലേക്ക് പോകാൻ വേണ്ടി രണ്ട് കോടി രൂപയും പെട്രോൾ പമ്പുമാണ് വാഗ്ദാനം ചെയ്തത്. കർണാടകയിലെ പോലെ ബി.ജെ.പി എല്ലായിടത്തും കുതിരക്കച്ചവടം നടത്തുകയാണെന്നും മമത പറഞ്ഞു. അന്വേഷണ ഏജൻസികൾ പോലും ബി.ജെ.പിയുടെ തരംതാഴ്ന്ന രാഷ്ട്രീയത്തിന് കൂട്ടുനിൽക്കുകയാണെന്നും മമത കൂട്ടിച്ചേർത്തു.
തൃണമൂൽ കോൺഗ്രസ് നേതാക്കളെ ഉപദ്രവിക്കാൻ ഇ.ഡി, എൻ.ഐ.എ, സി.ബി.ഐ, ഐ.ടി തുടങ്ങിയ ഏജൻസികളെ ഉപയോഗിക്കുകയാണ് ബി.ജെ.പി. പൊലീസ് അനുമതി ഇല്ലാതെ ഏജൻസികൾ വീടുകളിൽ റെയ്ഡ് നടത്തുകയും അതിക്രമിച്ച് കയറുകയുമാണ്. പ്രകോപനങ്ങളിൽ വീഴരുതെന്നും രാമനവമി സമയത്ത് ബി.ജെ.പി വർഗീയത വളർത്തുകയാണെന്നും മമത ബാനർജി പറഞ്ഞു.