തിരുവനന്തപും> കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ അധികാര മുഷ്‌കിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്. ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നടപടി പ്രതിഷേധാര്‍ഹമാണ്. നിയമാനുസൃതമല്ലാത്ത രാഷ്ട്രീയ വേട്ടയാണ് നടക്കുന്നത്. മറ്റൊരു വിഷയത്തില്‍ ഇ ഡി വിളിപ്പിച്ചിട്ട് ആദായ നികുതി ഉദ്യോഗസ്ഥര്‍ അവിടെ എത്തി ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്ത നടപടി അസാധാരണമാണ്. മുന്‍കൂര്‍ നോട്ടീസില്ലാതെ ഇങ്ങിനെ ചെയ്യുന്നത് മുകളില്‍ നിന്നുള്ള രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഭാഗമാണ്.
തൃശൂര്‍ എം ജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയിലെ സിപിഐ എം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മൂന്ന് പതിറ്റാണ്ട് പഴക്കമുള്ളതാണ്. പാര്‍ട്ടിയുടെ വരവ് ചെലവ് കണക്ക് ഓഡിറ്റ് ചെയ്ത് ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും സമര്‍പ്പിച്ചിട്ടുള്ളതാണ്. ഇത് നിഗൂഢ അക്കൗണ്ടാണ് എന്നത് കള്ള പ്രചാരമാണ്. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയും വിശദീകരണം ആവശ്യപ്പെടാതെയും അക്കൗണ്ട് മരവിപ്പിച്ചത് രാഷ്ടീയ ദുഷ്ടലാക്കാണ്.
കേന്ദ്ര ഭരണാധികാരികളുടെ അമിതാധികാര വാഴ്ചയെ പിന്തുണയ്ക്കുന്ന സമീപനമാണ് തൃശൂരിലെ കോണ്‍ഗ്രസ് നേതൃത്തിന്. കേന്ദ്ര ഏജന്‍സികളുടെ ഏജന്റെന്ന നിലയിലാണ് എഐസിസി അംഗം അനില്‍ അക്കര പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ ജനാധിപത്യ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് തിങ്കള്‍ വൈകീട്ട് ജില്ലയിലെ മുഴുവന്‍ ലോക്കല്‍ കേന്ദ്രങ്ങളിലും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കുമെന്നും ജില്ലാ സെകട്ടറിയേറ്റ് അറിയിച്ചു.