ന്യൂഡൽഹി: മണിപ്പൂരിലെ വംശീയ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം നിരീക്ഷിക്കാൻ നിയോഗിച്ച മുംബൈ പൊലീസ് മുൻ കമീഷണർ ദത്താത്രയ് പദ്സാൽഗിക്കറുടെ വിദേശയാത്രക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അനുമതി നൽകി. അമേരിക്കയിലേക്കും യൂറോപ്പിലേക്കും പോകാൻ അനുമതി തേടിയുള്ള കത്ത് ലഭിച്ചതിനെതുടർന്നാണ് നടപടി.
മേയ് ഒന്ന് മുതൽ 29 വരെ നീളുന്നതാണ് യാത്ര. മണിപ്പൂരിലെ വംശീയ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ ഏപ്രിൽ 29നാണ് തുടങ്ങുന്നത്. മണിപ്പൂരിലെ ലൈംഗികാതിക്രമ കേസുകളിലെ സി.ബി.ഐ അന്വേഷണം നിരീക്ഷിക്കാൻ കഴിഞ്ഞവർഷം ആഗസ്റ്റ് ഏഴിനാണ് പദ്സാൽഗിക്കറെ സുപ്രീംകോടതി നിയോഗിച്ചത്.