പട്ടാമ്പി > പാലക്കാട് പട്ടാമ്പി വല്ലപ്പുഴയിൽ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു. മറ്റൊരു മകൾ ചികിത്സയിലാണ്. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പിൽ പ്രദീപിന്റെ മകൾ നിഖ (12)യാണ് ഇന്ന് മരിച്ചത്. പ്രദീപിന്റെ ഭാര്യ ബീന(35)യെ ഞായറാഴ്ച പുലർച്ചെയാണ് കിടപ്പുമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. മണ്ണെണ്ണ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തിയ നിലയിലായിരുന്നു. രണ്ടു മക്കളെ പൊള്ളലേറ്റ പരുക്കുകളോടെയും കണ്ടെത്തി. ബീനയുടെ ഭർത്താവ് പ്രദീപ് വടകരയിൽ ജോലി ചെയ്യുകയാണ്. വീട്ടിൽ ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പമാണു ബീനയും മക്കളും താമസം.
ഞായറാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പ്രദീപിന്റെ മാതാപിതാക്കൾ മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. മുറിയിൽനിന്ന് നിലവിളികേട്ട് വീട്ടുകാർ ചെന്നപ്പോഴാണ് സംഭവമറിയുന്നത്. മുറിയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. തുടർന്ന്, അയൽവീട്ടുകാരെത്തി വാതിൽപൊളിച്ച് അകത്തുകടക്കുകയായിരുന്നു. തുടർന്ന് മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ബീനയുടെ ജീവൻ രക്ഷിക്കാനായില്ല. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് നിഖയും മരിച്ചത്. പൊള്ളലേറ്റ 6 വയസുകാരി നിവേദ ചികിത്സയിലാണ്.