കൊച്ചി > സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടിയും തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രതിപക്ഷ പാർടികളെ വേട്ടയാടുന്നതിന്റെ ഭാഗമായാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് എന്തുകൊണ്ടാണ് മരവിപ്പിച്ചതെന്നതിന് വിശദീകരണം നൽകിയിട്ടില്ല. 30 വർഷക്കാലമായുള്ള അക്കൗണ്ടാണത്. എഐസിസിയുടെ അക്കൗണ്ട് മരവിപ്പിക്കുമ്പോൾ ആശങ്കപ്പെടുന്ന കോൺഗ്രസിന് മറ്റുപാർടികളുടെ അക്കൗണ്ടിന്മേൽ നടപടിയെടുക്കുമ്പോൾ പ്രശ്നമാകുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എറണാകുളത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർടിയുടെ അക്കൗണ്ട് രേഖാമൂലം കേന്ദ്രസർക്കാരിനും ഇലക്ഷൻ കമീഷനും സമർപ്പിച്ചിട്ടുള്ളതാണ്. ഇന്ത്യയിലുടനീളം പാർടിക്ക് ഒരു പാൻകാർഡ് നമ്പരാണുള്ളത്. ആ നമ്പരുപയോഗിച്ചാണ് ഈ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ മാധ്യമങ്ങളെ കൂട്ടുപിടിച്ച് രാഷ്ട്രീയലക്ഷ്യം വെച്ചുകൊണ്ടുള്ള കടന്നാക്രമണമാണ് സിപിഐ എമ്മിനെതിരെ നടത്തുന്നത്.
തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ്ഗോപി നികുതി വെട്ടിച്ചതും അതിനായി വ്യാജരേഖ ചമച്ചതിനും കേസ് നേരിടുന്നയാളാണ്.. ഇതൊന്നും മാധ്യമങ്ങൾക്ക് വാർത്തയേയല്ല, സ്വാഭാവിക സംഭവം മാത്രമാണ്. മോദി വന്ന് പ്രസംഗിച്ചുപോയാൽ തൃശൂർ സീറ്റ് കിട്ടുമെന്നാണ് വിചാരിക്കുന്നത്. മോദി തൃശൂരിൽ താമസിച്ചാലും സുരേഷ് ഗോപി ജയിക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.