ഷാര്‍ജ: ഷാര്‍ജ അല്‍നഹ്ദയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച അഞ്ച് പേരില്‍ രണ്ടുപേര്‍ ഇന്ത്യക്കാര്‍. തീപിടത്തത്തെ തുടര്‍ന്നുണ്ടായ കനത്ത പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചത്. ഇതില്‍ മരിച്ച മുംബൈ സ്വദേശിനിയുടെ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ രണ്ടുപേര്‍ ഇന്ത്യക്കാരാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മരണപ്പെട്ട രണ്ട് ഇന്ത്യക്കാരില്‍ ഒരാളായ മൈക്കിള്‍ സത്യദാസ് കഴിഞ്ഞ രണ്ട് വര്‍ഷമായി ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ജോലി ചെയ്ത് വരികയായിരുന്നു. സംഗീതജ്ഞരായ എ ആര്‍ റഹ്മാന്‍, ബ്രൂണോ മാര്‍സ് എന്നിവരുടെ ഉള്‍പ്പെടെ സംഗീത പരിപാടികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സൗണ്ട് എഞ്ചിനീയറായിരുന്നു മൈക്കിളെന്ന് ഇദ്ദേഹത്തിന്റെ സഹോദരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മരിച്ച ഇന്ത്യക്കാരുടെ കുടുംബവുമായി ബന്ധപ്പെട്ട് വരികയാണെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ പറഞ്ഞു.
വ്യാഴാഴ്ച രാത്രിയാണ് താമസസമുച്ചയത്തിൽ തീപിടിത്തമുണ്ടായത്. ആകെ 750 അപ്പാര്‍ട്ട്‌മെന്റുകളാണ് കെട്ടിടത്തിലുള്ളത്. തീപിടിത്തത്തെ തുടര്‍ന്ന് പുക ശ്വസിച്ച് 44 പേരെയായിരുന്നു ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. 27 പേര്‍ ചികിത്സകള്‍ക്ക് ശേഷം ആശുപത്രി വിട്ടു.
രാത്രി 10.50 മണിയോടെ വിവരം അറിഞ്ഞ ഉടൻ എമര്‍ജന്‍സി സംഘങ്ങൾ സ്ഥലത്തെതതിയതായി ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇൻ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അൽ ഷംസി പറഞ്ഞു. താമസക്കാരെ അതിവേഗം കെട്ടിടത്തിൽ നിന്നൊഴിപ്പിച്ച് താത്കാലിക താമസസ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. എമിറേറ്റ്സ് റെഡ് ക്രസന്‍റിൻറെ സഹായത്തോടെയായിരുന്നു ഇത്. കുട്ടികളടക്കം 156 പേരെ ഒരു ഹോട്ടലിലേക്ക് മാറ്റി പാര്‍പ്പിച്ചു.
അതേസമയം തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാനായി ബഹുനില കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ ആഫ്രിക്കൻ സ്വദേശി മരണപ്പെട്ടിരുന്നു. 18-ാമത്തെയും 26-ാമത്തെയും നിലകളിലെ ഇലക്ട്രിക്കല്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.