ന്യൂഡൽഹി: തിരുവനന്തപുരം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ സത്യവാങ്മൂലത്തിൽ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് തെറ്റായ വിവരങ്ങൾ സമർപ്പിച്ചെന്ന കോൺഗ്രസിന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമീഷൻ. കേന്ദ്രമന്ത്രി സമർപ്പിച്ച സത്യവാങ്മൂലത്തിൽ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനാണ് (സി.ബി.ഡി.ടി) തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം നൽകിയത്.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ സ്വത്ത് സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് നൽകിയതെന്നാരോപിച്ച് കോൺഗ്രസ് തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്. സത്യവാങ്മൂലത്തിലെ എന്തെങ്കിലും പൊരുത്തക്കേടോ കൃത്രിമത്വമോ കണ്ടെത്തിയാൽ 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 125 എ പ്രകാരം കൈകാര്യം ചെയ്യപ്പെടും. ഈ നിയമപ്രകാരം, നാമനിർദേശ പത്രികയിലോ സത്യവാങ്മൂലത്തിലോ എന്തെങ്കിലും വിവരങ്ങൾ മറച്ചുവെച്ചാൽ ആറുമാസം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഏപ്രിൽ അഞ്ചിന് രാജീവ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ 28 കോടിയുടെ ആസ്തിയുള്ളതായാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ചത് തെറ്റായ സ്വത്ത് വിവരമാണെന്ന് കാണിച്ച് എൽ.ഡി.എഫും തെരഞ്ഞെടുപ്പ് കമീഷണർക്ക് പരാതി നൽകിയിരുന്നു. രാജീവിന് മുഖ്യ പങ്കാളിത്തമുള്ള ഇന്ത്യയിലെ പ്രധാന ധനകാര്യ സ്ഥാപനമായ ജൂപ്പിറ്റൽ ക്യാപിറ്റൽ അടക്കമുള്ള പ്രധാന ആസ്തികൾ സത്യവാങ്‌മൂലത്തിൽ രേഖപ്പെടുത്താതെയാണ് പത്രിക സമർപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.
അതേസമയം, പരാതി പരാജയഭീതി കൊണ്ടാണെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. തെളിവുള്ളവർക്ക് കോടതിയിൽ പോകാം. വികസന അജണ്ട പറയുന്ന തന്നെ അധിക്ഷേപിക്കാനാണ് എൽ.ഡി.എഫ്, യു.ഡി.എഫ് ശ്രമമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.












