ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന ബിരേന്ദർ സിങ് കോൺഗ്രസിൽ ചേർന്നു. അദ്ദേഹത്തോടൊപ്പം ഭാര്യയും മുൻ എം.എൽ.എയുമായ പ്രേമലതയും ബി.ജെ.പി വിട്ടു. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അദ്ദേഹവും ഭാര്യയും പാർട്ടി അംഗത്വം സ്വീകരിച്ചു. ചടങ്ങിൽ അജയ് മാക്കൻ, മുകുൾ വാസ്‌നിക്, പവൻ ഖേര തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
ബിരേന്ദർ സിങിന്റെ മകനും മുൻ എം.പിയുമായിരുന്ന ബ്രിജേന്ദർ സിങ് അടുത്തിടെ കോൺഗ്രസിൽ ചേർന്നിരുന്നു. ഗുസ്തി താരങ്ങളുടെ സമരത്തെ തുടര്‍ന്ന് ബി.ജെ.പിയുമായി അകല്‍ച്ചയിലായിരുന്നു ബിരേന്ദർ സിങ്. അതോടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ബിരേന്ദർ സിങിന് സീറ്റ് നിഷേധിച്ചു. തുടർന്ന് ഇദ്ദേഹം പാർട്ടി വിടുകയായിരുന്നു.
നാല് പതിറ്റാണ്ട് കോണ്‍ഗ്രസില്‍ പ്രവർത്തിച്ച ബിരേന്ദർ സിങ് പത്ത് വര്‍ഷം മുന്‍പാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. ഒന്നാം മോദി സർക്കാറിൽ ഉരുക്ക് വ്യവസായം, പഞ്ചായത്ത് രാജ്, റൂറൽ ഡെവലപ്മെന്‍റ് വകുപ്പുകൾ ബിരേന്ദർ സിങ് വഹിച്ചിരുന്നു.