കൊച്ചി : കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഇടക്കൊച്ചിയിലെ ഭൂമി അനധികൃതമായി നികത്തുന്നതായി ആരോപണം. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ തണ്ണീർത്തട ഭൂമി നികത്തുന്നതായി ആരോപിച്ച് സിപിഐയും കോൺഗ്രസ്സും രംഗത്തെത്തി. അതേ സമയം എക്കൽ നിക്ഷേപിക്കൽ മാത്രമാണ് നടക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
24 ഏക്കറിലേറെ വരുന്ന കെസിഎയുടെ ഈ ഭൂമിയിലാണ് കഴിഞ്ഞ ദിവസം മുതൽ എക്കൽ നിക്ഷേപിച്ച് തുടങ്ങിയത്. വേമ്പനാട്ടു കായലിലെ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളിലെ എക്കലാണ് നിക്ഷേപിക്കുന്നത്. തണ്ണീർത്തട ഭൂമി നികത്താൻ പാടില്ലെന്നിരിക്കേ എക്കലിന്റെ മറവിൽ ഉദ്യോഗസ്ഥർ ഭൂമാഫിയയെ സഹായിക്കുകയാണെന്നാണ് ആക്ഷേപം.
നിർദേശിക്കപ്പെട്ട സ്ഥലത്താണ് എക്കൽ നിക്ഷേപിക്കുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം. നിക്ഷേപിക്കുന്ന എക്കൽ പിന്നീട് ലേലം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇതിനിടെ എക്കൽ നിക്ഷേപിക്കുന്നത് ഉപജിവനമില്ലാതാക്കുന്നുവെന്നാരോപിച്ച് പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ രംഗത്തെത്തി. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ജനസേചന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.