മിലാൻ: ഇറ്റലിയിൽ ജലവൈദ്യുത പ്ലാന്റിൽ നടന്ന സ്ഫോടനത്തിൽ മൂന്ന് മരണം. നാലു പേരെ കാണാതായി. ഭൂഗർഭ പ്ലാന്റിലെ ട്രാൻസ്ഫോർമറിൽ തീപിടിച്ചതിനെ തുടർന്നാണ് സ്ഫോടനമുണ്ടായത്. ബൊലോഗ്നയ്ക്ക് സമീപമുള്ള ബാർഗിയിലെ എനൽസ് എന്ന കമ്പനിയുടെ ജലവൈദ്യുത നിലയത്തിലാണ് തീപിടിത്തമുണ്ടായത്. പ്ലാന്‍റിലെ അറ്റകുറ്റപ്പണിക്കിടെയാണ് തീപിടിത്തമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് കാമുഗ്നാനോ മേയർ മാർക്കോ മസിനാര പറഞ്ഞു. ടർബൈനിലെ തകരാർ കാരണമാണ് അപകമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 50 വർഷമായി എനെൽ കൈകാര്യം ചെയ്യുന്ന ഈ പ്ലാന്‍റിൽ ഇതുവരെ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് മേയർ പറഞ്ഞു. നിരവധി പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
മരണ നിരക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർക്ക് ആശങ്കയുണ്ട്. ഡാം ബേസിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. സംഭവ സമയത്ത് പ്ലാന്‍റ് ഓഫ്‌ലൈനായിരുന്നതിനാൽ വൈദ്യുതി വിതരണത്തെ ബാധിച്ചിട്ടില്ല. പ്ലാന്‍റിൽ നിന്ന് കനത്ത പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നുവെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു.
ഇറ്റലിയിലെ തൊഴിലിടങ്ങളിലെ സുരക്ഷയെക്കുറിച്ച് ട്രേഡ് യൂണിയനുകൾ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ രണ്ട് യൂണിയനുകൾ ഈ വിഷയം ഉന്നയിച്ച് വ്യാഴാഴ്ച നാല് മണിക്കൂർ ദേശീയ പണിമുടക്ക് നടത്താനിരിക്കുകയായിരുന്നു. ഫ്ലോറൻസ് നഗരത്തിൽ സൂപ്പർമാർക്കറ്റ് നിർമാണത്തിനിടെ ഫെബ്രുവരിയിൽ അഞ്ച് തൊഴിലാളികൾ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് തൊഴിലാളി സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചത്.