തൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ അശ്വതി കാവുതീണ്ടൽ. പള്ളിവാളുമായി അരമണിയും കാൽച്ചിലമ്പും കിലുക്കി ഉറഞ്ഞു തുള്ളി, ചെമ്പട്ടുടുത്ത് കുരുംബക്കാവിൽ ആയിരങ്ങൾ അശ്വതിക്കാവ് തീണ്ടി. ഐതിഹ്യങ്ങളും ആചാരങ്ങളും അലകടലിളകും പോലെ ഇരമ്പിയുണരുന്ന കുരുംബക്കാവ്. ആവേശത്തിന്റെ ചിലമ്പൊലിയുയര്‍ത്തി കാവ് തീണ്ടാന്‍ പ്രതിവർഷം എത്തുന്നത് ആയിരങ്ങളാണ്. കോട്ടയില്‍ കോവിലകത്ത് നിന്നും രാമവര്‍മ രാജ പല്ലക്കിലെഴുന്നള്ളിയതോടെയാണ് കാവുതീണ്ടൽ ചടങ്ങുകള്‍ക്ക് തുടക്കമായത്. ശേഷം തൃച്ചന്ദന ചാർത്ത്. ദാരിക നിഗ്രഹത്തിനിടയില്‍ മുറിവേറ്റ ദേവിക്ക് വൈദ്യനായ പാലക്കവേലന്റെ വിധി പ്രകാരം നടത്തുന്ന ചികിത്സയാണ് തൃച്ചന്ദന ചാർത്ത് എന്നാണ് വിശ്വാസം.
ഈ സമയമത്രയും ക്ഷേത്രാങ്കണത്തിലെ അവകാശത്തറകളിൽ ആയിരങ്ങൾ ആവേശത്തോടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. പാലക്കവേലൻ ദേവി ദാസൻ ആദ്യം കാവുതീണ്ടി. പിന്നാലെ ആയിരങ്ങൾ കുരുംബക്കാവിനെ വലം വെച്ചു. ഭരണി നാളിൽ ക്ഷേത്രത്തിലെ വാതിൽമാടത്തിൽ നെറ്റിപ്പട്ടം വിരിച്ച് കിണ്ടിയും കണ്ണാടിയും വെച്ച് ദേവിയെ സങ്കൽപ്പിച്ചിരുത്തും. തുടർന്ന് ഭരണിയാഘോഷം സമാപിക്കും.