റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍. വ്രതാനുഷ്ഠാനം കഴിഞ്ഞെത്തുന്ന ഈദുല്‍ ഫിത്ര്‍ വിപുലമായി ആഘോഷിക്കുകയാണ് സ്വദേശികളും പ്രവാസികളും. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ 30 നോമ്പും പൂര്‍ത്തിയാക്കിയാണ് പെരുന്നാള്‍ ആഘോഷിക്കുന്നതെങ്കില്‍ ഒരു ദിവസം വൈകി വ്രതം ആരംഭിച്ച ഒമാനില്‍ മാസപ്പിറവി കണ്ടതോടെ 29 നോമ്പ് പൂര്‍ത്തിയാക്കി ഇന്ന് പെരുന്നാള്‍ ആഘോഷിക്കുകയാണ്.
പ്രാര്‍ത്ഥനയുടെയും ഒത്തുചേരലിന്‍റെയും പങ്കുവെക്കലിന്‍റെയും ആഘോഷത്തിന്‍റെയും ദിനമാണ് ചെറിയ പെരുന്നാള്‍. നീണ്ട അവധിക്കാലം ലഭിക്കുന്നതിന്‍റെ സന്തോഷത്തിലാണ് പ്രവാസികളും. പെരുന്നാൾ ആഘോഷത്തിൻറെ ഭാഗമായി സൗദിയിൽ 13 ഇടങ്ങളിൽ വെടിക്കെട്ട് ഒരുക്കും. പെരുന്നാൾ ആദ്യ ദിവസം രാത്രി ഒമ്പതിനാണ് എല്ലായിടത്തും വെടിക്കെട്ട്. ജിദ്ദയിൽ മാത്രം രണ്ട് ദിവസമുണ്ട്. മറ്റ് ഗൾഫ് രാജ്യങ്ങളും പെരുന്നാളിനെ വരവേല്‍ക്കാൻ വന്‍ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സൗദിയിലും ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളിലും റമദാന്‍ വ്രതം മാര്‍ച്ച് 11നായിരുന്നു ആരംഭിച്ചത്. ഏപ്രിൽ ഒമ്പത് മുതൽ നാല് ദിവസമാണ് സൗദി സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കുള്ള പെരുന്നാൾ അവധി.
യുഎഇ സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ചത്തെ ചെറിയ പെരുന്നാള്‍ അവധിയാണ് ലഭിക്കുക. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒമ്പത് ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുക. ഏപ്രില്‍ എട്ട് തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 14 ഞായറാഴ്ച വരെയാണ് അവധി ലഭിക്കുക. ഏപ്രില്‍ 15 മുതലാണ് പ്രവൃത്തി സമയം.
യുഎഇയിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവര്‍ക്ക് നാലു ദിവസം പെരുന്നാൾ അവധി ലഭിക്കും. റമദാൻ 29 തിങ്കൾ (ഏപ്രിൽ 8) മുതൽ ശവ്വാൽ 3 വരെയാണ് അവധി ലഭിക്കുക. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധി ദിനങ്ങൾ നാലോ അഞ്ചോ ലഭിക്കും.
ഏപ്രില്‍ ഒമ്പത് മുതല്‍ 14 വരെയാണ് കുവൈത്തിൽ അവധി. ഏപ്രില്‍ 14 ഞായറാഴ്ച മുതല്‍ പ്രവൃത്തി ദിവസം പുനരാരംഭിക്കും. പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി കൂടി ചേര്‍ന്നാണ് അഞ്ചു ദിവസത്തെ അവധി ലഭിക്കുക. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും.
ഒമാനിൽ ഏപ്രിൽ ഒമ്പത് ചൊവ്വാഴ്ച മുതൽ 11 വരെയാണ് പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി. അവധി കഴിഞ്ഞ് ഏപ്രിൽ 14 ഞായറാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. വാരാന്ത്യ അവധി ദിവസങ്ങളുള്‍പ്പെടെ അഞ്ച് ദിവസമാണ് അവധി ലഭിക്കുക. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഖത്തറില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അമീരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഏപ്രില്‍ ഏഴ് ഞായറാഴ്ച മുതല്‍ ഏപ്രില്‍ 15 തിങ്കളാഴ്ച വരെ അവധി ആയിരിക്കും. ഏപ്രില്‍ 16 ചൊവ്വാഴ്ചയാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക.