തിരുവനന്തപുരം: എട്ട് വർഷമായിട്ടും പണിതീരാത്ത ഒരു റോഡുണ്ട് തിരുവനന്തപുരത്ത്. ടെക്നോപാർക്കിന് പിൻവശമുള്ള അരശുംമൂട് – കുഴിവിള റോഡാണ് നടന്നുപോകാന്‍ പോലും പറ്റാത്തവിധം കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത്. സീവേജ് ലൈൻ നിർമ്മിക്കുന്നതിനായി പൊളിച്ച റോഡിന്‍റെ ദുരവസ്ഥയ്ക്ക് കാരണം ജലവിഭവ വകുപ്പിന്‍റെ മെല്ലപ്പോക്കാണ്. സിറ്റി ഫാസ്റ്റ് ബസുള്‍പ്പടെ അഞ്ച് ബസുകള്‍ ഈ റോഡിലൂടെ സർവീസ് നടത്തിയിരുന്നു.
ടെക്കികളുള്‍പ്പെടെ ദിവസവും നൂറ് കണക്കിനാളുകള്‍ റോഡ് ഉപയോഗിക്കുകയും ചെയ്തിരുന്നു. സീവേജ് ലൈൻ സ്ഥാപിക്കാൻ തീരുമാനിച്ചടതോടെ തുടങ്ങി റോഡിന്‍റെ നാട്ടുകാരുടെയും കഷ്ടക്കാലം. ഒരു ആംബുലൻസ് വിളിച്ചാൽ പോലും ഇതുവഴി വരില്ല. മഴ പെയ്താൽ പിന്നെ റോഡ് തോടാകും, കുഴികള്‍ കുളങ്ങളാകും. മഴക്കാലത്ത് സമീപത്തെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ നിന്ന് മാലിന്യം കൂടി ഒഴുകിവരുന്നതോടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.
കുടിവെള്ള പ്രശ്നവും രൂക്ഷമായതോടെ നിരവധി കുടുംബങ്ങള്‍ നാട് വിട്ടു. പല കടകളും ഹോട്ടലുകളും പൂട്ടി. കരാറുകാർ മാറി മാറി വന്നിട്ടും, റോഡ് നന്നായില്ല. സ്ഥലം എംഎല്‍എ കടകംപള്ളി സുരേന്ദ്രനും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും ഇടയ്ക്ക് വരുമെന്നല്ലാതെ ഒന്നും ശരിയാകുന്നുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇനി പ്രക്ഷോഭമെന്നാണ് സമരസമിതിയുടെ പ്രഖ്യാപനം.
 
			

















 
                

