ദില്ലി: കോടതിയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണത്തിൽ കടുത്ത അതൃപ്തിയുമായി സുപ്രീംകോടതി. നീതിനിർവ്വഹണത്തെ തടസ്സപ്പെടുത്തുന്നത് ഗൗരവത്തോടെ കാണും. കോടതിയുടെ വിശ്വാസ്യത തകർക്കാൻ ചിലർ നോക്കുന്നു എന്നാണ് സുപ്രീംകോടതി വിമർശനം ഉന്നയിച്ചിട്ടുള്ളത്. കെട്ടിക്കിടക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധവും അടിസ്ഥാനരഹിതവുമായ പ്രസ്താവനകൾ പ്രചരിക്കുന്നതിനെ അപലപിച്ചുകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗത്തെക്കുറിച്ച് സുപ്രീം കോടതി ഗുരുതരമായ നിരീക്ഷണങ്ങള്‍ നടത്തിയത്.
കോടതിയിൽ കെട്ടിക്കിടക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് സന്ദേശങ്ങൾ, അഭിപ്രായങ്ങൾ, ലേഖനങ്ങൾ തുടങ്ങിയവ പോസ്റ്റ് ചെയ്യുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ വൻതോതിലുള്ള ദുരുപയോഗം നടക്കുന്നുണ്ട്. ഇത് ആശങ്കാജനകമാണെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി. വിമര്‍ശനങ്ങള്‍ നേരിടാൻ ജഡ്ജിമാരുടെ ചുമലുകൾ വിശാലമാണ്. പക്ഷേ, തീർപ്പുകൽപ്പിക്കാത്ത കേസുകളുമായി ബന്ധപ്പെട്ട്, അഭിപ്രായപ്രകടനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്‍റെ മറവിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വരുന്ന കമന്‍റുകളും പോസ്റ്റുകളും ഗൗരവതരമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
അഭിഭാഷകർ വാദങ്ങൾ ഉന്നയിക്കുമ്പോൾ ജഡ്ജിമാർ പ്രതികരിക്കുന്നത് വളരെ സാധാരണമാണ്, ചിലപ്പോൾ ഒരു കക്ഷിയെ അനുകൂലിച്ചും ചിലപ്പോൾ എതിർത്തുമെല്ലാം കോടയില്‍ നിരീക്ഷണങ്ങള്‍ വന്നേക്കാം. എന്നാല്‍, വസ്‌തുതകളെ വളച്ചൊടിക്കുന്നതോ ശരിയായ വസ്‌തുതകൾ വെളിപ്പെടുത്താത്തതോ ആയ അഭിപ്രായങ്ങളോ സന്ദേശങ്ങളോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനുള്ള അവകാശം കക്ഷികൾക്കോ അവരുടെ അഭിഭാഷകർക്കോ ഇല്ലെന്നും ബെഞ്ച് വ്യക്തമാക്കി.