ദില്ലി: ഇറാൻ ഏത് നിമിഷവും ഇസ്രയേലിനെ ആക്രമിക്കാൻ സാധ്യത. 48 മണിക്കൂറിനകം ഇറാൻ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ഇസ്രയേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ആക്രമണത്തിന് മുതിരരുതെന്ന് ഇറാന് മുന്നറിയിപ്പ് നൽകി. ഏപ്രിൽ ഒന്നിന് സിറിയൻ തലസ്ഥാനമായ ദമാസ്കസിൽ ഇറാൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിലെ ഖുദ് സേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുത്തിരുന്നില്ല. എന്നാൽ പിന്നിൽ ഇസ്രയേലാണെന്നും തിരിച്ചടി ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേലിലേക്കുള്ള യാത്ര നിരവധി രാജ്യങ്ങൾ നിരോധിച്ചു. ടെൽ അവീവ്, ജറുസലേം അടക്കം നഗരങ്ങളിൽനിന്ന് പുറത്തേക്കുള്ള യാത്ര പാടില്ലെന്ന് നയതന്ത്ര ഉദ്യോഗസ്ഥർക്ക് അമേരിക്ക മുന്നറിയിപ്പ് നൽകി.